അമ്മയുടെ ശകാരം ഭയന്ന് വാഷിംഗ് മെഷീനുള്ളിൽ ഒളിച്ച ചൈനീസ് പെൺകുട്ടിയെ പുറത്തെത്തിക്കാൻ ഒടുവിൽ അഗ്നിരക്ഷാസേന വേണ്ടി വന്നു. ഗൃഹപാഠം ചെയ്യാത്തതിന് അമ്മ മകളെ വഴക്കു പറഞ്ഞിരുന്നു. ശകാരം തുടർന്നപ്പോഴാണു പെൺകുട്ടി വീട്ടിലെ ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഉള്ളിൽ കയറി ഒളിച്ചത്.
പിന്നീട് പുറത്തിറങ്ങാൻ നോക്കിയെങ്കിലും സാധിച്ചില്ല. കുട്ടിയുടെ നിലവിളി കേട്ട് അമ്മ വന്നെങ്കിലും അവർക്കും പുറത്തിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, അഗ്നിരക്ഷാസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചുമാറ്റി രക്ഷപ്പെടുത്തിയപ്പോഴേയും പെൺകുട്ടി തീർത്തും അവശയായിരുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞുവേണം മാതാപിതാക്കൾ പെരുമാറാൻ എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.