നവംബര്‍ മാസം ആദ്യം നോട്ട് നിരോധനം എന്ന പേരില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ആ വലിയ സംഭവത്തിന് പിന്നില്‍ ലോകശക്തിയായ അമേരിക്കയ്ക്കുള്ള പങ്ക് ആരും തന്നെ ശ്രദ്ധിച്ചുകണ്ടില്ല. എന്നാല്‍ ഈ നടപടിയില്‍ അമേരിക്കയ്ക്കുള്ള പങ്ക് അതിസൂക്ഷ്മമായ രഹസ്യമായിരുന്നില്ല എന്നത് മറ്റൊരു സത്യം. കാരണം, യുഎസ് സര്‍ക്കാരിന്റെ വികസന ഏജന്‍സിയായ യുഎസ് എയ്ഡും ഇന്ത്യന്‍ ധനകാര്യ മന്ത്രാലയവും തമ്മിലുള്ള കരാറും ആര്‍ക്കും അറിയാത്ത രഹസ്യമല്ലല്ലോ. കറന്‍സി പൂര്‍ണമായും ഒഴിവാക്കി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും നയിക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നവംബര്‍ എട്ടിന് ശേഷം ഇന്ത്യയില്‍ സംഭവിച്ചതാകട്ടെ വലിയ തോതിലുള്ള അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും.
നോട്ട്‌നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരു മാസം മുമ്പ് യുഎസ് എയ്ഡിന്റെ നിര്‍ദേശ പ്രകാരം “കാറ്റലിസ്റ്റ്” എന്ന സംരംഭം തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും സഹായകമാകും എന്ന ചിന്തയോടെയാണ് ഈ സംരംഭം കൊണ്ടുവന്നത്. വലിയ തോതിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും അനുകൂലമായ സാമ്പത്തിക, പ്രാദേശിക വ്യവസ്ഥയുമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തതിന് പിന്നില്‍. 97% ഇടപാടുകളും ഇപ്പോഴും പണത്തിലധിഷ്ഠിതവും 60% ത്തോളം ജനങ്ങളും ബാങ്കുമായി ബന്ധമില്ലാതിരിക്കുകയും ചെയ്യുന്ന രാജ്യമായിട്ടും അതിവിപുലമായ മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യമാണ് യുഎസ് എയ്ഡിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അമേരിക്കയ്ക്കുള്ള അറിവും ആധിപത്യവും ഉപയോഗിച്ച് ലോകത്തെ മുഴുവന്‍ സാമ്പത്തിക മേഖലയും തങ്ങളുടെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് ആരും മനസിലാക്കിയില്ല. രാജ്യങ്ങളെ മുഴുവന്‍ പടിപടിയായി ഡിജിറ്റലാക്കാന്‍ സാധിച്ചാല്‍ അമേരിക്കയ്ക്ക് അവരുടെ ആധിപത്യം കാലങ്ങളോളം നിലനിര്‍ത്താന്‍ സാധിക്കും. ഇതിനൊക്കെപ്പുറമേ ലോകം മുഴുവന്‍ ഡിജിറ്റലാകുന്നതോടെ അമേരിക്കയിലെ ഐടി കമ്പനികള്‍ക്കും ലാഭം. കൂടാതെ അമേരിക്കയുടെ സ്വകാര്യ അഭിമാനമായ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ചാകരയാകും. അതായത് അമേരിക്കന്‍ കമ്പനികള്‍ കുത്തനെ വളരും. ചുരുക്കിപ്പറഞ്ഞാല്‍ ഡിജിറ്റല്‍ രംഗത്ത് അമേരിക്കന്‍ കുത്തക ഉറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയില്‍ അമേരിക്ക ഇന്ത്യയെ ഡിജിറ്റലാകാന്‍ പ്രേരിപ്പിച്ചത്.
(കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്‍ എന്ന സ്വതന്ത്ര ഗവേഷണമാധ്യമത്തില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ)