പരിയാരം: റോഡരികിൽ മാലിന്യം ചാക്കിലാക്കി തള്ളിയ വിരുതനെ മാലിന്യത്തിൽ നിന്ന് ശേഖരിച്ച തെളിവിലൂടെ നാട്ടുകാർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പരിയാരം തൊണ്ടന്നൂർ മാതൃക സ്വാശ്രയ സംഘം പ്രവർത്തകരാണ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. കൊട്ടിയൂർ നന്മഠം ക്ഷേത്രം – പുതിയ പള്ളി റോഡരികിൽ മാലിന്യ നിക്ഷേപം വ്യാപകമായ പശ്ചാത്തലത്തിൽ സംഘം പ്രവർത്തകർ ജാഗ്രതാ സമിതി രൂപീകരിച്ച് സ്ഥലത്ത് രാത്രികാലങ്ങളിൽ കാവലിരുന്നു വരികയായിരുന്നു’ അര ക്വിന്റൽ വരുന്ന ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച മാലിന്യത്തിൽ മദ്രസ വിദ്യാർഥിയുടെ പാഠപുസ്തകം ഉൾപ്പെട്ടു പോയതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്.
ഇതേ റോഡരികിൽ 300 മീറ്റർ മാറി താമസിക്കുന്ന ചായക്കടക്കാരനാണ് പിടിയിലായത്. തെറ്റ് ഏറ്റു പറഞ്ഞതിനെ തുടർന്ന് പരസ്യ താക്കീത് നൽകിയ ശേഷം മാലിന്യം ഇയാളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിക്കുകയായിരുന്നു. ഇതിനിടെ ഇയാളെ പിടികൂടാൻ വീട്ടിലെത്തിയ പോലീസിനെ ചീത്ത വിളി ച്ച് ഓടിപ്പോയ മരുമകന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയതു.
പ്രദേശത്ത് ഒളിഞ്ഞും തെളിഞ്ഞും മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ കണ്ടത്തി പിടികൂടുന്ന ജാഗ്രതാ പ്രവർത്തനം തുടരുന്ന മാതൃകയുടെ പ്രവർത്തനങ്ങളെ പോലീസ് അഭിനന്ദിച്ചു .കാൽ ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമായതിനാൽ ഇനി പിടിയിലാകുന്നവർക്കെതിരേ കടുത്ത നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.