നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലയ മരിയ ബിജുവാണ് മാസങ്ങളായി തോട്ടില്‍ അടിഞ്ഞു കൂടികിടക്കുകയായിരുന്ന മാലിന്യങ്ങള്‍ വാരിനീക്കിയത്. വലിയതോട്ടില്‍ പാഴുത്തുരുത്ത് പൂവക്കോട് ഭാഗത്ത് അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ചാക്കുമായെത്തി തോട്ടിലിറങ്ങിയ പെണ്‍കുട്ടി നീക്കം ചെയ്യുകയായിരുന്നു. മാലിന്യങ്ങള്‍ മാറിയതോടെ ഈ ഭാഗത്ത് നീരൊഴുക്ക് സുഗമമായി.
കഴിഞ്ഞ വര്‍ഷകാലത്ത് വലിയതോട്ടിലെ പൂവക്കോട് കടവിന് സമീപം തോട്ടിലേക്കു മരങ്ങള്‍ വീണിരുന്നു. മരങ്ങള്‍ വെട്ടി നീക്കാത്തതിനാല്‍ ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ തങ്ങിനിറഞ്ഞ് ചീഞ്ഞഴുകുന്ന സ്ഥിതിയിലേക്കെത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍, അറവുശാലയിലെ മാലിന്യങ്ങള്‍, സാനിട്ടറി പാഡുകള്‍ എന്നിങ്ങനെ വീടുകളില മാലിന്യങ്ങള്‍ വരെ പ്ലാസ്റ്റിക്ക് കൂടുകളിലും ചാക്കിലുമായി കെട്ടി തോട്ടില്‍ ഒഴുക്കുകയാണ്. ഇവയെല്ലാം തങ്ങി നിറഞ്ഞതോടെ തോട് മലിനമാവുകയും പൂവക്കോട് കടവിലേക്കു ആരുമെത്താത്ത സ്ഥിതിയുമായി.
വേനല്‍ ശക്തമാവുകയും നാട്ടുകാര്‍ അലക്കുന്നതിനും കുളിക്കുന്നതിനും ഉള്‍പ്പെടെ മാര്‍ഗങ്ങളില്ലാതെ വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. തോട്ടിലെ മാലിന്യം വാരിനീക്കാനായാല് പൂവക്കോട് കടവ് വീണ്ടും നിരവധിയാളുകള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് ലയ മരിയക്ക് മനസിലായി. മാലിന്യങ്ങള്‍ വാരിനീക്കി തോട് വൃത്തിയാക്കാനുള്ള ആഗ്രഹം ലയ മരിയ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മകളുടെ നന്മ മനസിന് മാതാപിതാക്കള്‍ സമ്മതമറിയിച്ചതോടെ ലയ മരിയ കഴുത്തൊപ്പം വെള്ളമുള്ള തോട്ടിലിറങ്ങി മാലിന്യങ്ങള്‍ നീക്കുകയായിരുന്നു.
കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ചു. ജൈവമാലിന്യങ്ങള്‍ ശേഖരിച്ചു കുഴിച്ചുമൂടി. പൂവക്കോട് കടവ് മുതല്‍ 200 മീറ്ററോളം ഭാഗത്തെ തോട്ടിലെ മാലിന്യങ്ങള്‍ ഇത്തരത്തില്‍ ലയ മരിയ വാരി നീക്കി. തോട്ടില്‍ വീണുകിടക്കുന്ന മരങ്ങള്‍കൂടി വെട്ടി മാറ്റിയാലേ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാനാവൂ. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്തോ, ജനപ്രതിനിധികളോ ഇടപെട്ടാല്‍ മാത്രമെ പരിഹാരമുണ്ടാവൂ. മാലിന്യങ്ങള്‍ നീക്കം ചെയ്തു തോട് വൃത്തിയാക്കിയ ലയ മരിയയെ സ്കൂള്‍ അധികൃതരും നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.