കൊച്ചി: ബ്രഹ്മപുരം ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തത്തിനു പിന്നാലെ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായി. ദേശീയ ഗ്രീൻ ട്രൈബ്യൂണലും അഗ്നിരക്ഷാ സേനയും മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾ നടപ്പാക്കാതിരുന്നതാണ് ഇപ്പോഴുണ്ടായ വലിയ തീ പിടിത്തത്തിൽ കലാശിച്ചതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ബ്രഹ്മപുരത്തു കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കുഴിച്ചുമൂടാൻ നടപടികൾ ആരംഭിച്ചതിനിടെ തീപിടിത്തമുണ്ടായതു നിർഭാഗ്യകരമാണെന്നു ഭരണ കക്ഷി നേതാക്കൾ പറയുന്നു.
അഗ്നിബാധയുണ്ടായാൽ അത് ശമിപ്പിക്കുന്നതിനായി ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് എൻജിടിയും ഫയർഫോഴ്സും ബ്രഹ്മപുരത്തെ ആദ്യ തീപിടിത്തത്തിനുശേഷം നിർദേശം നൽകിയിരുന്നു. ഇതുവരെ അതു നടപ്പാക്കാൻ പ്ലാന്റിന്റെ നടത്തിപ്പ് ചുമതലക്കാരായ കൊച്ചി കോർപറേഷന് സാധിച്ചിട്ടില്ല. പ്രളയസ്ഥലങ്ങളിൽനിന്നു കൊണ്ടുവന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കണമെന്ന നിർദേശവും അവഗണിച്ചു.
ബ്രഹ്മപുരത്ത് ഏതുനിമിഷവും ഒരു തീപിടിത്തമുണ്ടായേക്കാമെന്നു സുരക്ഷാ ഏജൻസികളും കോർപറേഷൻ കൗണ്സിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറു തീപിടിത്തങ്ങൾ ഒഴിവാക്കാൻ സയന്റിഫിക് ക്യാപ്പിംഗ് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്.
ഇന്നലെ വൈകിട്ടു നാലോടെയുണ്ടായ തീപിടിത്തത്തിൽ മൂന്നേക്കർ സ്ഥലത്തെ മാലിന്യക്കൂന്പാരം കത്തിയമരുകയായിരുന്നു. പ്രളയബാധിതമേഖലകളിൽനിന്നു കൊണ്ടുവന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണു തീ പടർന്നത്.
പ്രതിദിനം 350 ടണ്ണിലേറെ മാലിന്യമാണ് ബ്രഹ്മപുരത്ത് എത്തുന്നത്. ഇതിൽ 150 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് നിലവിൽ പ്ലാൻറുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ഇവിടെ ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല. കടന്പ്രയാറിനു സമീപം തുറസായ സ്ഥലത്താണിപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത്.