വടകര: നഗരസഭാ പരിധിയിലാകെ മാലിന്യമുക്ത വടകര പദ്ധതിയുമായി ഉൗർജിത പ്രവർത്തനങ്ങൾ നടക്കുന്പോൾ റെയിൽവെ അധികൃതർക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ട്. പ്ലാസ്റ്റിക് മാലിന്യമായാലും കത്തിച്ചു സായൂജ്യമടയുകയാണ് ഈ കേന്ദ്രസർക്കാർ സ്ഥാപനം. റെയിൽവെ സ്ഥലത്താണ് പ്ലാസ്റ്റിക് കത്തിക്കുന്നതെങ്കിലും ഇതിന്റെ പുകക്കെന്ത് പരിധി. പുക പരിസരമാകെ വിഴുങ്ങുകയാണ്.
സീറോവേസ്റ്റ് വടകര പദ്ധതിയുടെ വിജയത്തിനായി നാടാകെ അഹോരാത്രം യത്നിക്കുന്പോഴാണ് റെയിൽവെ സ്റ്റേഷനിൽ ഇതൊക്കെ കാറ്റിൽപറത്തുന്നത്. റെയിൽവെ സ്റ്റേഷനിലെ ജൈവ, അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നത് പതിവ്.
സ്റ്റേഷന് സമീപത്തെ കണ്ടൽകാടുകൾ നിറഞ്ഞ സ്ഥലത്താണ് എല്ലാ നിയമങ്ങളും കാറ്റിൽപറത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത്. പകൽ പ്ലാറ്റ്ഫോമിൽ ആളുകളുടെ തിരക്കുള്ള സമയത്തുതന്നെയാണ് ഈ നിയമവിരുദ്ധ പ്രവർത്തനം.
പലപ്പോഴും യാത്രക്കാർ റെയിൽവെ അധികാരികളോട് ഇതിനെകുറിച്ച് പരാതി പറഞ്ഞാലും രക്ഷയില്ല. നഗരസഭ പ്രദേശത്ത് മാലിന്യം കത്തിച്ചാൽ വൻപിഴ ഒടുക്കുന്ന സമയത്താണ് നഗരസഭ ഓഫീസിന് വിളിപ്പാടകലെ റെയിൽവെ വക മാലിന്യം കത്തിക്കുന്നത്. പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഈ പ്രവർത്തനം നിർത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രശ്നത്തിൽ അടിയന്തിരമായി ഇടപെണമെന്ന് പരിസ്ഥിതി പ്രവർത്തകരും പ്രദേശ വാസികളുമായ അബ്ദുൽ കരീം മാനസ, അബദുൽ റബ്ബ് നിസ്താർ, ഫൈസൽ പി.കെ.സി, അബ്ദുൽ സലാം ടി.പി, എൻ.വി ഷഫ്നാസ്, യൂനുസ്, മുനീർ സേവന, അനസ്.കെ എന്നിവർ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.