തിരുവനന്തപുരം: മാലിന്യത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകൾക്കു ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച ബില്ലുകളിൽ ഇന്നലെ മുംബൈയ്ക്കു പോകുന്നതിനു മുൻപ് ഗവർണർ ഒപ്പുവച്ചു.
ഇതു സംബന്ധിച്ച ഓർഡിനൻസിന്റെ കാലാവധി മാർച്ച് ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബില്ലുകൾ ഗവർണർ അംഗീകരിച്ചത്. മാലിന്യശേഖരണത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്കു കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ അടങ്ങിയ ഭേദഗതി ബില്ലുകളാണ് അംഗീകരിച്ചത്.
ഹരിതകർമസേനകൾക്കോ നിർദിഷ്ട ഏജൻസികൾക്കോ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസ ഫീയുടെ 50% പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വേർതിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുകയോ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാതിരിക്കുകയോ ചെയ്താൽ 1000 മുതൽ 10,000 രൂപയാണു പിഴ.
ജൈവ, അജൈവ മാലിന്യങ്ങളും അപകടകരമായ ഗാർഹിക മാലിന്യങ്ങളും വേർതിരിച്ചു സംഭരിക്കാതിരുന്നാലും നിർദിഷ്ട വലുപ്പത്തിലും നിറത്തിലുമുള്ള പ്രത്യേക ബിന്നുകൾ സജ്ജീകരിക്കാതിരുന്നാലും 1000 രൂപ മുതൽ 10,000 രൂപ പിഴ ചുമത്താം.