ചിറ്റൂർ: കോരയാർപുഴ കരുവപ്പാറ കോസ്വേയ്ക്ക് താഴെ രാത്രിയിൽ ചാക്കിൽകെട്ടിയ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കോഴിയിറച്ചി മാലിന്യവും മറ്റും നിക്ഷേപിക്കുന്നതിനാലുള്ള ദുർഗന്ധത്തിൽ കാൽനടയാത്രപോലും ദുസഹമാണ്. കരുവപ്പാറയിലേക്കുള്ള കുടിവെള്ളവിതരണ പന്പ് ഹൗസും പാലത്തിനു സമീപത്താണ്.
വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ പൊട്ടുന്ന കണ്ണാടിചില്ലുകളും മറ്റും നിക്ഷേപിക്കുന്നത് പാലത്തിന് അടിയിലാണ്. മാലിന്യചാക്കുകളും ചില്ലും സമീപത്തെ വയലുകളിലേക്ക് ഒഴുകിയെത്തുന്നതും അപകടഭീഷണിയാകുകയാണ്.
പ്രധാനപാതയിലെ ദുർഗന്ധംമൂലം പത്തോളം ബസുകളും മറ്റിതര വാഹനങ്ങളും കൊഴിഞ്ഞാന്പാറ ടൗണിലേക്ക് സഞ്ചരിക്കുന്നത് ദൂരക്കൂടുതലുള്ള റോഡിലൂടെയാണ്. ഇത്തരത്തിൽ പരിസര മലിനീകരണമുണ്ടാക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അധികൃതർക്ക് പരാതി അയച്ചാലും നടപടിയുണ്ടാകാറില്ലത്രേ.
ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നതിനാൽ കോസ് വേയിൽ തെരുവുനായ ശല്യവും കൂടുകയാണ്. പാലത്തിന് ഇരുവശത്തും സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.