കോഴിക്കോട്: മലാപ്പറമ്പ്-രാമനാട്ടുകര ബൈപാസില്‍ പാച്ചാക്കില്‍ ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. റോഡിന്റെ ഇരുവശത്തുമായി കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടം മുതല്‍ അറവ് മാലിന്യം വരെ വാഹനത്തിലെത്തുന്നവര്‍ ഇവിടെ തള്ളുന്നത് പതിവാണ്.
ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ മാലിന്യം കൂമ്പാരമായി കിടക്കുന്നത്. അറവ് മാലിന്യവും കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ചാക്കിലാക്കി തള്ളുന്നത് പ്രദേശത്ത് അസഹ്യ ദുര്‍ഗന്ധമാണ് പടര്‍ത്തുന്നത്.
ഇറച്ചി മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ചാക്കില്‍ കെട്ടി തള്ളുന്ന മാലിന്യം മഴ പെയ്യുന്നതോടെ അളിഞ്ഞ് നാറാന്‍ തുടങ്ങിയിട്ടുണ്ട്. അറവ് മാലിന്യം മഴയത്ത് അളിഞ്ഞതോടെ റോഡരികില്‍ മലിനജലമായി കെട്ടിക്കിടക്കാനും തുടങ്ങിയിട്ടുണ്ട്. ഇതാണ് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തുന്നത്.
മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന സാംഗ്രമിക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡരികില്‍ മലിനജലം കെട്ടികിടക്കുന്നതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മുതല്‍ പാച്ചാക്കില്‍ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവായിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിലെത്തുന്നവര്‍ ചാക്കിലും പ്ലാസ്റ്റിക്ക് കവറിലുമാക്കി മാലിന്യം ഇവിടെ രാത്രിയില്‍ തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ഇരുവശത്തും മാലിന്യം കൂമ്പാരമായി കിടക്കുന്നതിനാല്‍ പ്രദേശത്തെു കൂടി വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ട്. അറവ് മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതിനാല്‍ പ്രദേശത്ത് തെരുവുനായകള്‍ തമ്പടിക്കുന്നതും നിത്യ സംഭവമാണ്. രാത്രിയില്‍ തെരുവുനായകള്‍ കൂട്ടമായി എത്തി വാഹനയാത്രക്കാര്ക്കടക്കം ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
ബൈപാസില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനായി പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ക്ക് വലിയ ഭീഷണിയുള്ള വിഷയം കഴിഞ്ഞ കൗണ്‍സിലില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നുവെന്ന് ചേവരമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു.
കോര്പറേഷന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.