കോട്ടയം: നാഗമ്പടം ബസ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ നിറയുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശുചീകരണത്തിനായി ജീവനക്കാരുണ്ടെങ്കിലും ശുചീകരണം നടക്കുന്നില്ലെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.
പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടം തുടങ്ങിയ മാലിന്യങ്ങളാണു ഓടയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വലിച്ചെറിയുന്നത്. ഓടയിലെ മലിനജലവും ഭക്ഷണാവശിഷ്ട മാലിന്യങ്ങളും കാരണം പരിസരപ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ മഴവെള്ളം മാലിന്യത്തില്‍ നിറഞ്ഞു പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടകരുടെയും ലഹരിമാഫിയയുടെയും താവളമാവുകയാണ്.
ഭിക്ഷാടകരും ലഹരിമാഫിയയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. അധികാരികള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.