നെന്മാറ: നെന്മാറ ജംഗ്ഷഷനിൽ നെന്മാറ-അയിലൂർ റോഡിൽ റോഡുവക്കിലാണ് മാലിന്യം കുന്നുകൂട്ടി കിടക്കുന്നതായി പരാതി. പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിൽ നിന്നുള്ള ദുർഗന്ധമൂലം സമീപത്തെ തട്ടുകടകളിലേയും വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടിക്കുന്നു.
അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും ഇവിടെ പതിവാണത്രെ.പ്ലാസ്റ്റിക് കവറുകളും മറ്റും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതിനും നെന്മാറ, അയിലൂർ പഞ്ചായത്തുകൾ മാസങ്ങൾക്കുമുന്പു നിരോധനം ഏർപ്പെടുത്തിയെങ്കിലും പ്രദേശത്തെ കടകളിൽ ഇത്തരം കവറുകൾ സുലഭമാണ്.
ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് ഈ മാലിന്യക്കൂന്പാരത്തിൽ കാണുന്നതും. പഞ്ചായത്ത് അധികൃതർ നെന്മാറ ടൗണിലും പരിസരങ്ങളിലുംനിന്ന് വാഹനത്തിലെത്തി മാലിന്യം സംഭരിക്കാറുണ്ടെങ്കിലും ടൗണിനോടു ചേർന്ന ഈ പ്രദേശങ്ങളിലെ മാലിന്യങ്ങൾ വൃത്തികേടായി റോഡിലേക്കും മറ്റും പരന്നുകിടക്കുന്നതും പതിവു കാഴ്ചയാണ്.
രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ തിന്നുന്നതിനായി എത്തിചേരുന്ന നായ്ക്കളും കുറുക്കൻമാരുടെയും ശല്യവും കൂടിവരുന്നതും വാഹനയാത്രക്കാരായ ഇരുചക്രവാഹനക്കാർക്കും ഏറെ ഭീഷണിയായി തീർന്നിരിക്കുന്നു.
മാലിന്യം നീക്കംചെയ്ത് ഇവിടെ മാലിന്യങ്ങൾ ഉപേക്ഷിക്കരുതെന്ന ബോർഡുകൾ സ്ഥാപിക്കുകയും ബോധവത്കരണ ക്ലാസുകൾ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ നടത്തുന്നതിനും വേണ്ടുന്ന നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരിൽനിന്നും തക്ക പിഴ ഈാടാക്കുന്നതിനു വേണ്ട നടപടികളും ഉടനെ സ്വീകരിക്കണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്.