സഞ്ചരിക്കുന്ന വഴികളിലെല്ലാം മാലിന്യം വലിച്ചെറിയുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ അലക്ഷ്യമായി റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്തപ്പോൾ ടൂറിസ്റ്റുകളിൽ നിന്നും നേരിട്ട മോശമായ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടൂറിസ്റ്റുകളിൽ നിന്നും തന്റെ സഹോദരി നേരിട്ട അനുഭവം എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നൈനിറ്റാളിലെ ലവേഴ്സ് പോയിന്റിലാണ് സംഭവം. നൈനിറ്റാളിൽ എത്തിയ ടൂറിസ്റ്റുകളോട് വഴിയരികിൽ മാലിന്യം വലിച്ചെറിയരുത് എന്ന് ആവശ്യപ്പെട്ടെങ്കിലും ടൂറിസ്റ്റുകൾ അത് കേൾക്കാതെ സഹോദരിയോട് ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞു.
ടൂറിസ്റ്റുകൾ അവിടെ നിന്ന് കേക്ക് മുറിച്ച ശേഷം ടിഷ്യൂ പേപ്പറുകളും കേക്കിന്റെ കവറും റോഡിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് യുവതി ആരോപിക്കുന്നത്. അത് എടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിയാൻ പറഞ്ഞെങ്കിലും അവിടെ ചവറ്റുകൊട്ടയില്ല എന്നായിരുന്നു സഹോദരിയോട് അവരുടെ മറുപടിയെന്ന് യുവതി പറഞ്ഞു. പിന്നീട്, അതിലൊരാൾ അതെടുത്ത് താഴ്വരയിലേക്ക് വലിച്ചെറിഞ്ഞു എന്നും യുവതി ആരോപിച്ചു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പോസ്റ്റിനു കമന്റുമായി എത്തിയത്. ഇത്തരം ശീലങ്ങളൊക്കെ വീട്ടിൽ നിന്നാണ് പഠിക്കേണ്ടതെന്ന് പലരും കമന്റ് ചെയ്തു.