വടക്കഞ്ചേരി: വെയ്സ്റ്റ് എന്ന് പറഞ്ഞ് തള്ളികളയുന്നതെന്തും അന്നയുടെ കണ്ണിൽ സുന്ദര ശില്പങ്ങൾക്കുള്ള ഉപകരണങ്ങളാണ്.അത് കുപ്പിയായാലും പാത്രങ്ങളായാലും പേപ്പർ തുണ്ടുകളായാലും മാറ്റമില്ല.
നിമിഷ നേരം കൊണ്ട് മനോഹര ശില്പങ്ങൾ അന്നയുടെ കൈകളിൽ രൂപപ്പെടും.അന്ന പറയുന്നതുപോലെ ഒരു മൂടുതോന്നിയാൽ പിന്നെ ശില്പ നിർമാണത്തിനായി മണിക്കൂറുകൾ കടന്നു പോകുന്നതൊന്നും നോക്കില്ല.
തുടങ്ങി വെച്ചത് പൂർത്തിയാക്കിയിട്ടെ മറ്റെന്തുമുള്ളു.സെന്റ് സേവിയേഴ്സ് എന്ന പ്രമുഖ കാറ്ററിംഗ് സ്ഥാപന ഉടമ മംഗലംഡാം വീഴ്ലി കൂനാന്പുറത്ത് ജോയിയുടെ മകളാണ് അന്ന അഞ്ജലി ജോയ്.സ്കൂൾ പഠന കാലത്ത് തന്നെ ശില്പ നിർമ്മാണ മികവിൽ സഹപാഠികളേയും അധ്യാപകരേയും വിസ്മയിപ്പിക്കുന്നയാളായിരുന്നു അന്ന.
വീടിന്റെ സിറ്റൗട്ടിൽ തന്നെ അന്നയുടെ വാൾ പെയിന്റിംഗാണ്.പെട്ടെന്ന് കണ്ടാൽ സ്റ്റിക്കർ പതിച്ചതാണെന്നെ തോന്നു. അത്രയും പെർഫെക്ഷനിലാണ് പെയിന്റിംഗ്. ഗിഫ്റ്റ് ഐറ്റംസാണ് ഇപ്പോൾ കൂടുതൽ ഉണ്ടാക്കുന്നത്. നിർമാണ മികവ് കണ്ട് പലരും മോഹവിലക്കും ശില്പങ്ങൾ വാങ്ങുന്നുണ്ട്.
കുപ്പിയിൽ ഒരുക്കിയ ഈ വർഷത്തെ കലണ്ടർ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയ കലാമേന്മയായിരുന്നു. തിരുവഴിയാട് സ്കൂളിലെ അധ്യാപികയായ അമ്മ ലിന്നിയാണ് അന്നയുടെ സഹായി.ഫാഷൻ ഡിസൈനിങ്ങ് പഠിച്ചിട്ടുള്ള അമ്മയുടെ പ്രോത്സാഹനവും അന്നയ്ക്ക് ഒപ്പമുണ്ട്.
കൗതുക കാഴ്ചകളാണ് വീട് നിറയെ ചുമരിലും അലമാരകളിലും വാതിലുകളിലുമുണ്ട് ശില്പ വൈദഗ്ദ്ധ്യത്തിന്റെ സാന്നിധ്യം. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിക്കുന്ന സഹോദരൻ അലൻ ജോയിയും അന്നക്ക് കൂട്ടിനുണ്ട്. ഈ വർഷം ബിരുദ പഠനം പൂർത്തിയാക്കിയ അന്ന കരവിരുതിന്റെ പുതിയ മേഖലകൾ എത്തിപിടിക്കാനുള്ള ശ്രമത്തിലാണ്.