കാസർഗോഡ്: ജലസ്രോതസുകളിലും പൊതുസ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു നിര്‍ദേശം നല്കി.
രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ജലസ്രോതസുകള്‍ മലിനമാകുന്നതിനും ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
പൊതുസ്ഥലങ്ങളില്‍ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ, വീഡിയോ എടുത്ത്, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം പ്രത്യേകപാരിതോഷികം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനായി 8547931565 എന്ന വാട്സ് ആപ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയയ്ക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും കാസര്‍ഗോഡ് ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ, തപാല്‍, ഇ-മെയില്‍ മുഖേനയും അറിയിക്കാം.
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്കരിക്കണം. പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും തയാറാകണം.
വീടുകളില്‍ കാണിക്കുന്ന ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കാറില്ല. ഈ സംസ്കാരം മാറ്റിയെടുക്കാന്‍ നാം തയാറാകണമെന്നും കളക്ടര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് അനക്സ് കെട്ടിടം, വിദ്യാനഗര്‍ പിഒ, കാസർഗോഡ്-671123 വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.