കോഴിക്കോട്: മാതൃകറോഡ് വികസനത്തിന്റെ ഭാഗമായി വിദേശമാതൃകയില്‍ ഡിവൈഡറുകള്‍ക്കു മുകളില്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ നശിപ്പിച്ചതിനു തൊട്ടുപിന്നാലെ ബസ്റ്റോപ്പുകളില്‍ സ്ഥാപിച്ച വേസ്റ്റ്ബിന്നുകളും അപ്രത്യക്ഷമാകുന്നു. മാതൃകറോഡ് വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബസ്സ്റ്റോപ്പുകളിലെ വേസ്റ്റ്ബിന്നുകളാണ് കാണാതാകുന്നത്.
കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലം -അരിയിടത്തുപാലം ബൈപ്പാസ് റോഡിലെ രണ്ടു ബസ്റ്റോപ്പുകളില്‍ സ്ഥാപിച്ച വേസ്റ്റ്ബിന്നുകളാണ് കാണാതായത്. കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിലെ വേസ്റ്റ്ബിന്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്.
വേസ്റ്റ്ബിന്‍ ഇല്ലാതായതോടെ മാലിന്യങ്ങള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്ത് വലിച്ചെറിയപ്പെട്ട നിലയിലാണുള്ളത്. ഫൂട്പാത്തിലും മറ്റും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതോടെ ഇതുവഴി നടന്നുപോകാന്‍പോലും പറ്റാത്ത അവസ്ഥയാണുള്ളത്. സരോവരം പാലത്തിനു സമീപത്തും ഇത്തരത്തില്‍ ബസ്സ്റ്റോപ്പില്‍ സ്ഥാപിച്ച വേസ്റ്റ്ബിന്‍ കാണാതായിട്ടുണ്ട്. ഇവിടെയും മാലിന്യങ്ങള്‍ പരന്നുകിടക്കുകയാണ്.
വേസ്റ്റ്ബിന്നുകള്‍ കാണാതാകുന്നത് സംബന്ധിച്ചു പോലീസിനും ഇതുവരെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. രാത്രി പട്രോളിംഗും മറ്റും കര്‍ശനമായി തുടരുന്നതിനിടെയാണ് ഇവ മോഷണം പോകുന്നതെന്നതും ശ്രദ്ധേയമാണ്. ആധുനിക രീതിയില്‍ നിര്‍മിച്ച ബസ്സ്റ്റോപ്പില്‍ വിലകൂടിയ വേസ്റ്റ്ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മഴകൊണ്ടാലും തുരുമ്പിക്കാത്ത വിധത്തിലുള്ളവയാണ് ഇവ .
വേസ്റ്റ്ബിന്നുകള്‍ തറയിലുറപ്പിച്ച ഭാഗം ഹാക്സോ ബ്ലേഡ് കൊണ്ടു മുറിച്ചാണ് മാറ്റിയിട്ടുള്ളത്. സാമൂഹികവിരുദ്ധര്‍ ഇവ മോഷ്ടിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടാകുമെന്നാണ് സമീപത്തെ കടകളിലുള്ളവരും യാത്രക്കാരും പറയുന്നത്. നഗരത്തില്‍ നവീകരിച്ച ആറു റോഡുകളിലും ഇത്തരത്തില്‍ ആധുനിക രീതിയിലുള്ള ബസ്കാത്തിരിപ്പുകേന്ദ്രങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. ഇവയില്‍ പലതിലും വേസ്റ്റ്ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച എത്ര വേസ്റ്റ്ബിന്നുകള്‍ നഷ്ടപ്പെട്ടുവെന്നത് വ്യക്തമല്ല.
വാഹനാപകടം കുറയ്ക്കാന്‍ വേണ്ടി മലേഷ്യയില്‍നിന്ന് കൊണ്ടു വന്ന് സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്ക്രീനുകളും നേരത്തെ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. കാരപ്പറമ്പ് മുതല്‍ കല്ലുത്താന്‍ കടവ് വരെയുള്ള റോഡിലെ ഡിവൈഡറുകള്‍ക്കു മുകളില്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്ക്രീനുകളായിരുന്നു നശിപ്പിച്ചിരുന്നത്.
4000 ആന്റിഗ്ലയര്‍ സ്ക്രീനുകള്‍ സ്ഥാപിച്ചതില്‍ ആയിരത്തിലേറെയെണ്ണം ഇതിനകം നശിപ്പിച്ചിരുന്നു. ഇതോടെ വിലകൂടിയ ആന്റിഗ്ലയര്‍ സ്ക്രീനുകള്‍ നഗരത്തില്‍ സ്ഥാപിക്കില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും തീരുമാനിച്ചു. പോലീസിന്റെ നിരീക്ഷണ കാമറകളും ജനകീയ കമ്മിറ്റികളുമുണ്ടെങ്കിലും ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.