പാലാ: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോര്‍ ഹൗസിനും സമീപം സാമൂഹ്യവിരുദ്ധര്‍ മത്സ്യ-മാംസ മാലിന്യങ്ങള്‍ തള്ളുന്നതു പതിവായി. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വെള്ളഞ്ചൂര്‍ തെരുവുംകുന്ന് കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ ഗതികേട്. രണ്ടു ദിവസമായി പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുണഭോക്തൃസമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
പദ്ധതിയുടെ കിണര്‍ ളാലം തോടിനു തൊട്ടുസമീപമാണുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് ഇവിടെയുള്ള പാലത്തില്‍നിന്നു തോട്ടിലേക്കു തള്ളുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് കാണപ്പെട്ടതെങ്കില്‍ ഇന്നലെ മത്സ്യങ്ങളാണ് വന്‍തോതില്‍ തള്ളിയത്. ഇവിടെയുള്ള കുളിക്കടവും മലിനമായി. കല്‍പ്പടവുകള്‍ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.