കുമളി: കുമളിയിൽ മലിനജല പ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.പഞ്ചായത്ത് സെക്രട്ടറി ആർ.അശോക്്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. മീര, അസിസ്റ്റന്റ് എൻജിനിയർ എൽ. ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ വി. മാടസ്വാമി എന്നിവരടങ്ങുന്ന സംഘം കുമളിയിലെ 13 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തി.
തേക്കടിക്കവലയിൽ മൂലയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾ, ഒരു ബേക്കറി, തേക്കടിക്കവലയിലെ അൽത്താഫ് ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തരവിട്ടത്.
പരിശോധന നടത്തിയ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമകൾക്കും വിവിധ കാരണങ്ങൾ കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. തേക്കടിക്കവലയിൽ അടച്ചുപൂട്ടുന്നതിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലെ മലിനജലം സ്ഥാപനങ്ങൾക്കു പിന്നിലുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നത്.
ഇതിനായി ചില സ്ഥാപനങ്ങൾ പിവിസി പൈപ്പ് സ്ഥാപിച്ചിരുന്നത് ഉദ്യോഗസ്ഥർ മണ്ണ് നീക്കിയാണ് കണ്ടെത്തിയത്. ചില സ്ഥാപനങ്ങളുടെ പിൻവശം തീർത്തും അനാരോഗ്യ സാഹചര്യത്തിലാണെന്നും തുടർന്നും ശക്തമായ നടപടികളും പരിശോധനകളും ഉണ്ടാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ടൗണിനു പിന്നിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളം പെരിയാർ ടൈഗർ റിസർവിലാണെത്തുന്നത്. വളരെ വീതിയുണ്ടായിരുന്ന തോട് കൈയേറി കെട്ടിടങ്ങൾ നിർമിച്ചതോടെ തോട് ഓടയായി മാറി. തോടിന്റെ വീതിക്കുറവും കൈയേറ്റവും തോട്ടിലെ മാലിന്യങ്ങളും നീരൊഴുക്കിന് തടസമാണ്. മഴ പെയ്താൽ തോട്ടിൽ നിന്നുള്ള വെള്ളം ടൗണിലെ റോഡിലും വ്യാപാര സ്ഥാപനങ്ങളിലും കയറുന്നതു പതിവാണ്.