കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. മുഴുവൻ സമയ സുരക്ഷാ സംവിധാനങ്ങളുള്ള കളക്ടറേറ്റ് വളപ്പിൽ കളക്ടറുടെ ചേന്പർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പിന്നിൽ നിന്നുമാണ് ചന്ദനം മുറിച്ചു കടത്തിയിരിക്കുന്നത്.
സംഭവത്തിൽ വനംവകുപ്പും പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ ചന്ദനം മുറിച്ചു കടത്തിയ സംഭവം പുറത്ത് വരാതിരിക്കാൻ റവന്യൂവകുപ്പ് ശ്രമിച്ചെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി.
കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന ആവശ്യമുയർത്തിയ അവർ ശനിയാഴ്ച മോഷണം പോയിട്ടും റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ഇത് മറച്ചുവച്ചുവെന്ന ആരോപണവുമായാണ് രംഗത്തെത്തിയത്.
മുറിച്ച ചന്ദന മരത്തിന് 25 സെന്റീമീറ്റർ വ്യാസമുണ്ട്. മരത്തിന്റെ ശിഖിരങ്ങൾ സ്ഥലത്ത് വെട്ടിയിട്ട നിലയിലാണ്. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നതെന്നത് കൂടുതൽ ദുരൂഹത ഉയർത്തുകയാണ്.