
സീയൂൾ: ദക്ഷിണകൊറിയൻ കമ്പനിയായ ഡോട്ട് അന്ധർക്കുള്ള വാച്ച് ഉടൻ വിപണിയിൽ അവതരിപ്പിക്കും. ലോകത്തിലെ ആദ്യ ബ്രെയ്ൽ വാച്ച് എന്ന് കമ്പനി അവകാശപ്പെടുന്ന വാച്ച് വഴി അന്ധർക്ക് സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനും കഴിയും. ചലിക്കുന്ന ആറ് ചെറിയ ഭാഗങ്ങളുള്ള നാല് സെല്ലുകൾ വഴിയാണ് വാച്ച് പ്രവർത്തിക്കുക. ആപ്പിളിന്റെ മിനിമലിസ്റ്റ് ഫീച്ചർ ഉൾക്കൊണ്ടുകൊണ്ടാണ് വാച്ചിന്റെ നിർമാണം. ബ്ലൂടൂത്ത് വഴി വാച്ചിനെ സ്മാർട്ട്ഫോണുകളുമായി ബന്ധിപ്പിക്കാം. ഇതുവഴി മെസേജിംഗ് ആപ്പുകളുൾപ്പെടെയുള്ള ഏതു സേവനവും ബ്രെയ്ലി വാച്ചിൽ ലഭിക്കും. ഈ വർഷംതന്നെ ഒരു ലക്ഷം ബ്രെയ്ൽ വാച്ചുകൾ വിപണിയിലെത്തുമെന്ന് ഡോട്ടിന്റെ സ്ഥാപകനും സിഇഒയുമായ എറിക് ജു യൂൻ കിം അറിയിച്ചു. വില 320 ഡോളർ (ഏകദേശം 22,000 രൂപ).