മംഗലംഡാം: മംഗലംഡാം റിസർവോയർ മുഖ്യസ്രോതസായി നിർമാണപ്രവൃത്തികൾ നടക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നതോടെ നക്ഷത്ര ബംഗ്ലാക്കുന്നിലെ വാച്ച് ടവർ ഓർമയാകും.ആറു പതിറ്റാണ്ടുമുന്പ് മംഗലംഡാം നിർമിക്കുന്പോൾ റിസർവോയറിന്റെ ദൂരവീക്ഷണത്തിനായി പണിതതായിരുന്നു കുന്നിൻപുറത്തെ ഈ നിരീക്ഷണ കെട്ടിടം. ഇവിടെയാണ് ഇപ്പോൾ കുടിവെള്ളപദ്ധതിക്കുള്ള കൂറ്റൻ ഫിൽറ്റർ ടാങ്ക് നിർമിക്കുന്നത്.
കാലപഴക്കത്താലും യഥാസമയം അറ്റകുറ്റപ്പണികളില്ലാതെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവുംമൂലം വാച്ച്ടവർ തകർച്ചാഭീഷണിയിലായിരുന്നു.ഡാം കാണാനെത്തുന്ന സഞ്ചാരികളെല്ലാം തന്നെ ചുഴിപോലെ വളഞ്ഞുതിരിഞ്ഞ ഈ വാച്ച് ടവറിൽ കയറിയായിരുന്നു പോയിരുന്നത്. ഡാം ഷട്ടർ ഭാഗത്തുനിന്നും നിരവധിപടികൾ കയറിവേണം വാച്ച്ടവറിലെത്താൻ. ഇവിടേയ്ക്ക് വാഹനം എത്താവുന്ന റോഡുമുണ്ട്.
എന്നാൽ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ പടികൾ കയറിതന്നെ വേണം മുകളിലെത്താൻ. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ളപദ്ധതി. ഒന്നരലക്ഷം ആളുകൾക്ക് പ്രതിദിനം 40 ലിറ്റർ വീതം കുടിവെള്ളം എത്തിക്കുന്ന പദ്ധതി ജില്ലയിലെതന്നെ വലിയ കുടിവെള്ളപദ്ധതിയാണ്. 135 കോടി രൂപയാണ് നിർമാണചെലവ് കണക്കാക്കുന്നത്.