തലശേരി: കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ തേടി തമിഴ്നാട് പോലീസ് കണ്ണൂര്‍ ജില്ല ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ ജില്ലകളില്‍ തെരച്ചിൽ തുടങ്ങി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ തെരച്ചില്‍ നടത്തുന്നതിനോടൊപ്പമാണ് ഏതാനും ദിവസങ്ങളായി കേരള പോലീസിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലും തെരച്ചില്‍ നടത്തി വരുന്നത്.
പ്രത്യേക അന്വേഷണസംഘ തലവന്‍ കോയമ്പത്തൂര്‍ സിബിസിഐഡി ഡെപ്യൂട്ടി സൂപ്രണ്ട് എസ്.അനന്ദ്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്ദ് അരോക്കിയ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രഹസ്യാന്വേഷണം നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പതിക്കുവാനും തമിഴ്നാട് പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളായ കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ അളകണ്ണന് 5 സ്ട്രീറ്റിലെ മുബാറക്ക്(37),സായിബാബ കോളനിയിലെ കരുണാനിധി നഗറിലെ സദ്ദാം ഹുസൈന് (25) എന്നിവരെ പിടികൂടാനാണ് തമിഴ്നാട് പോലീസ് കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നത്. കൊലപാതകത്തിനു ശേഷം നാടു വിട്ട ഇരുവരും കേരളത്തിലേക്ക് കടന്നിട്ടുണ്ടന്ന വിവരത്തെ തുടര്‍ന്നാണ് അന്വാഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുള്ളതെന്ന് പ്രത്യാക അന്വേഷണ സംഘത്തലവന് കോയമ്പത്തൂര്‍ സിബിസിഐഡി ഡെപ്യൂട്ടി സുപ്രണ്ട് എസ്.അനന്ദ്കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
പ്രതികള്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേരളത്തിലെ ചില സംഘങ്ങള്‍ ഇവര്‍ക്ക് താവളമൊരുക്കി സംരക്ഷിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുള്ളതായും അനന്ദ്കുമാര്‍ പറഞ്ഞു. 2016 സെപ്റ്റംബര്‍ 22 ന് വൈകുന്നേരമാണ് ഹിന്ദുമുന്നണിയിലെ പ്രഗല്ഭനായ പ്രാസംഗികന് ശശികുമാര്‍ കൊല്ലപ്പെട്ടത്.
വൈകുന്നേരം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ശശികുമാറിനെ രണ്ട് ബൈക്കുകളിലായിട്ടെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ കോയമ്പത്തൂര്‍ കരുണാനിധി നഗറിലെ അബു താഹിറിനെ(30) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാൻഡിലാണുള്ളത്.