തളിപ്പറമ്പ് : കടുത്ത ജലക്ഷാമത്തിൽ നാടും നഗരവും വെന്തരുകുമ്പോൾ തളിപ്പറമ്പിന്റെ പുണ്യമായ വറ്റാത്ത ഉറവജലം തേടിയെത്തുന്നത് നൂറുകണക്കിനാളുകൾ. തളിപ്പറമ്പ് ദേശീയപാതയോരത്ത് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് ഏവരേയും അൽഭുതപ്പെടുത്തുന്ന ഈ ജലപ്രവാഹം. അരയേക്കറോളം പരന്നുകിടക്കുന്ന മനുഷ്യസ്പർശമേൽക്കാത്ത കാട്ടിനുള്ളിൽ നിന്നാണ് നിരവധി ഒൗഷധ സസ്യങ്ങൾക്കിടയിലൂടെ ഏത് കാലഘട്ടത്തിലും വെള്ളം പ്രവഹിക്കുന്നത്.
ഉറഞ്ഞുപൊന്തുന്ന ഈ വെള്ളം കാനത്ത് ക്ഷേത്രച്ചിറയിലേക്കാണ് ഒഴുകിപ്പോകുന്നത്. പ്രദേശവാസികൾക്ക് ഈ ജലപ്രവാഹം ഒരു കാലത്തും നിലച്ചതായി നേരിയ ഓർമ്മപോലുമില്ല. ഇപ്പോൾ നിരവധി അന്യസംസ്ഥാന തൊഴിലാളികളും തദ്ദേശവാസികളും കുളിക്കുന്നതിനും തുണിയലക്കുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്.
കാനത്ത് ശിവക്ഷേത്രത്തിന് സമീപം ഏക്കർ കണക്കിന് കാടുമൂടിയ ഭൂമിയുണ്ടായിരുന്നുവെങ്കിലും സ്വകാര്യ വ്യക്തികൾ സ്ഥലം വാങ്ങി മരങ്ങൾ മുറിച്ച് വലിയ കുന്ന് ഇടിച്ചുനിരത്തിയതോടെ ഈ ഉറവ ജലത്തിന് ഭീഷണി നേരിട്ടുവെങ്കിലും കാനത്ത് ശിവക്ഷേത്രം അധികൃതരും പൂക്കോത്ത് കൊട്ടാരം ദേവസ്വവും മുന്നിട്ടിറങ്ങി നടത്തിയ പോരാട്ടമാണ് ഈ ജലശേഖരത്തെ ഇപ്പോഴും സംരക്ഷിച്ച് നിർത്തുന്നത്. സ്വാഭാവിക നീരുറവ ആയതിനാൽ തൽസ്ഥിതി തുടരണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവാണ് ജലശേഖരത്തിന് സുരക്ഷാ കവചം ഒരുക്കിയത്.
ഈ ജലശേഖരത്തിന് സമീ പമാണ് അരനൂറ്റാണ്ടുകൾക്ക് മുന്പ് പിഎച്ച്ഇഡി തളിപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് വേണ്ടി കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചതോടെയാണ് കേരളാ വാട്ടർ അതോറിറ്റി പമ്പ് ഹൗസും കിണറും ഉപേക്ഷിച്ചത്. അന്നത്തെ തളിപ്പറമ്പ് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും മുഴുവൻ വിതരണം ചെയ്തത് ഈ കിണറ്റിലെ വെള്ളമായിരുന്നു. ഇതിന് വേണ്ടി വലിയ ടാങ്ക് സ്ഥാപിച്ചത് കോടതി റോഡിൽ റിക്രിയേഷൻ ക്ലബ്ബ് വളപ്പിലാണ്.
ഈ ജലസംഭരണി ഇപ്പോഴും ഗതകാല സ്മരണകൾ ഉണർത്തി ഇവിടെയുണ്ട്. ഇന്നും തളിപ്പറമ്പ് നഗരത്തിൽ ആവശ്യമായ മുഴുവൻ വെള്ളവും ഇവിടെ നിന്ന് വിതരണം ചെയ്യാനാവും. അടുത്ത കാലത്ത് പമ്പ് ഹൗസിന്റെ സമീപം വരെ നഗരസഭ റോഡ് ടാർ ചെയ്തിട്ടുണ്ട്. കാടുമൂടിക്കിടന്ന പമ്പ് ഹൗസും കിണറും ശുചീകരിച്ചാൽ ആവശ്യത്തിലേറെ ജലം ഇവിടെ നിന്ന് ലഭിക്കും. ഇപ്പോൾ വേനലെന്നോ വർഷമെന്നോ ഇല്ലാതെ മൂന്നോളം സ്വകാര്യ കുടിവെള്ള വിതരണക്കാർ ടാങ്കറുകളിൽ നഗരത്തിൽ വെള്ളം വിതരണം
ചെയ്യുന്നുണ്ട്. ഇത്തവണ തുലാവർഷം ലഭിക്കാത്തതിനാൽ ജലക്ഷാമം മുന്പെങ്ങുമില്ലാത്ത വിധം രൂക്ഷമാകുമെന്നിരിക്കെ ഈ ജലശേഖരം ഉപയോഗപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.