തിരുവനന്തപുരം: സംസ്ഥാനത്തു വേനൽക്കാലത്തെ വരൾച്ചാ സാധ്യത തള്ളാനാവില്ലെന്നു വിലയിരുത്തൽ. ജല വിഭവ മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് ചർച്ച നടന്നത്. എന്നാൽ, കഴിഞ്ഞ വർഷത്തെ പോലെ രൂക്ഷമായ വരൾച്ചയ്ക്കു സാധ്യതയില്ല. 20 അണക്കെട്ടുകളിൽ കഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനേക്കാൾ 66 ശതമാനം അധികം വെള്ളമുണ്ട്.
ഭൂജല വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളിൽ കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ ഒന്നു മുതൽ മൂന്നു മീറ്റർ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു. കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുന്പോൾ ഈ കിണറുകളിലെ ജലനിരപ്പ് കുറവാണ്. ഈ സാഹചര്യത്തിലാണു വരൾച്ചാ സാധ്യത തള്ളാത്തതെന്നും യോഗം വിലയിരുത്തി. ഫെബ്രുവരിയിൽ വീണ്ടും യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തും.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അടക്കം കിണറുകൾ വറ്റിയതായി പരാതി ഉയർന്ന സാഹചര്യത്തിലാണു ജല ലഭ്യത വിലയിരുത്തുന്നതിനു യോഗം വിളിച്ചത്.