നെടുങ്കുന്നം: വരണ്ടുണങ്ങി കിടന്നിരുന്ന കിണറുകളിൽ പലതും ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോൾ വെള്ളം നിറഞ്ഞതു കണ്ട് വിസ്മയിച്ചു നിൽക്കുകയാണ് നാട്ടുകാർ. നെടുങ്കുന്നം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ ജലവിപ്ലവം അരങ്ങേറിയത്. കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുന്ന ഏതൊരു പഞ്ചായത്തിനും അനുകരിക്കാവുന്ന പദ്ധതി. നെടുങ്കുന്നം പഞ്ചായത്ത് ഒന്നാം വാർഡിലെ ജനകീയ കൂട്ടായ്മയാണ് വ്യത്യസ്തമായ പരീക്ഷണം നടത്തി വിജയിച്ചത്.
വേനൽ കടുത്തതോടെ ഒന്നാം വാർഡിലെ മിക്ക ജലാശയങ്ങളും വറ്റിവരണ്ടു. ഈ പ്രദേശത്തു ജലസമൃദ്ധി നൽകിയിരുന്നത് കാവുന്നട- മാന്തുരുത്തി വലിയ തോടും അനുബന്ധ ഇടത്തോടുകളുമായിരുന്നു. വേനൽ രൂക്ഷമായതോടെ ഇവയെല്ലാം വറ്റിവരണ്ടു. എന്തു ചെയ്യണമെന്നറിയാതെ ജനം വിഷമിക്കുന്നതിനിടയിലാണ് ഒന്നാം വാർഡിൽ വടക്കൻ-വല കല്ലോലി റോഡിൽ ഊത്തപ്പാറ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ പാറമടക്കുളം ചിലരുടെ ശ്രദ്ധയിൽ വരുന്നത്.
വർഷങ്ങളോളം പാറ പൊട്ടിച്ച് എടുത്ത ഇവിടെ ഒന്നര ഏക്കർ വിസ്തൃതിയിൽ വൻ കുളമാണിപ്പോൾ. നിറയെ വെള്ളം. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒന്നാം വാർഡ് മെംബർ ജോ ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നുചേർന്നു പാറക്കുളത്തിൽ മോട്ടോർ വച്ച് ഈ ഭാഗത്തെ തോടുകളിലേക്കു വെള്ളം പന്പ് ചെയ്തു. തലേദിവസം വൈകുന്നേരം നാലു മുതൽ പിറ്റേന്നു പുലർച്ചെ നാലുവരെ ഇപ്രകാരം തോട്ടിലേക്കു വെള്ളം പന്പു ചെയ്തതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിൽ വറ്റിവരണ്ടു കിടന്ന കിണറുകളിലെല്ലാം വെള്ളം എത്തി.
പത്തു മണിക്കൂറോളം വെള്ളം പന്പ് ചെയ്തിട്ടും ഒരടി മാത്രമാണ് പാറക്കുളത്തിലെ ജലനിരപ്പ് താണത്. നെടുങ്കുന്നം പഞ്ചായത്തിൽ മാത്രം 12ഓളം പാറക്കുളങ്ങൾ ഉണ്ട്. ഇവയിലെല്ലാം ലക്ഷക്കണക്കിനു ക്യൂബിക് അടി വെള്ളവും ഉണ്ട്. ഈ പാറക്കുളങ്ങളിൽനിന്നു സമീപത്തെ തോടുകളിലേക്കു വെള്ളം പന്പു ചെയ്താൽ ജലക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. കൂടുതൽ കുളങ്ങളിലേക്കു പരീക്ഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിവർ.