അഗളി: കൊടുംവരൾച്ചയിൽ അകപ്പെട്ട കിഴക്കൻ അട്ടപ്പാടി പാപ്പാത്തിക്കുണ്ടുപള്ളം പട്ടാപ്പകൽപോലും ആനയും കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കൂത്തരങ്ങാണ്. മയിലും കുയിലും കൂമനും കുരുവിയും അടക്കമുള്ള പക്ഷിമൃഗാദികളുടെ കലപില. മലന്പാന്പും മൂർഖനും മുതൽ നീർക്കോലിവരെയുള്ള ഉരഗവർഗങ്ങളുടെ സീൽക്കാരം. ഒരിറ്റു ദാഹജലത്തിനായി വന്യജീവികൾ ഒത്തുകൂടുകയാണ് ഇവിടെ.
ഷോളയൂർ പഞ്ചായത്ത് വീട്ടിക്കുണ്ടിനു സമീപത്തെ പാപ്പാത്തിക്കുണ്ടുപള്ളത്തിലാണ് കത്തിയെരിയുന്ന വേനലിലും ശീതളിമ വിതറി നില്ക്കുന്ന നീരുറവ കിനിയുന്നത്. ചെറുതും വലുതുമായ നൂറുകണക്കിനു തോടുകളും ജലാശയങ്ങളും വറ്റിവരണ്ട സാഹചര്യത്തിലാണ് പാപ്പാത്തിക്കുണ്ടുപള്ളത്തെ ജലസാന്നിധ്യം.
ഷോളയൂർ മൂലക്കടയിലെ ഒന്നാംമലയിൽനിന്നാണ് പാപ്പാത്തിക്കുണ്ടുപള്ളത്തിന്റെ ഉദ്്ഭവം. എട്ടുകിലോമീറ്ററോളം നീളമുള്ള തോട് കോട്ടത്തറയ്ക്കടുത്ത് ശിരുവാണിപ്പുഴയിലാണ് സംഗമിക്കുന്നത്. തോടിന്റെ ഉദ്ഭവസ്ഥാനത്തു മൂന്നുകിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നീരൊഴുക്കു നിലനില്ക്കുന്നത്.പട്ടികവർഗക്കാരായ മൂലക്കടയിലെ മുരുകൻ, വീട്ടിക്കുണ്ടിലെ കുമാർ എന്നിവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് തോടിന്റെ ജീവൻ നിലനില്ക്കുന്നത്. സമീപത്തെ കർഷകനായ പാലക്കത്തറപ്പേൽ റജിയുടെ സഹായവും പ്രോത്സാഹനവും ഇവർക്കുണ്ട്.
വളരെ ചെറിയ കായികാധ്വാനത്തിലൂടെ ശ്രദ്ധാപൂർവമായ പരിചരണം മാത്രമാണ് തോടിനു നല്കിയതെന്ന് ഇവർ പറയുന്നു. തോട്ടിൽ മൂന്നുകിലോമീറ്റർ ദൂരത്തിൽ മുന്നൂറിലധികം ചെറുചിറകൾകെട്ടി വെള്ളം തടഞ്ഞുനിർത്തുകയാണ് ചെയ്തത്. തോട്ടിലെ നീരൊഴുക്കു കുറയുന്നതിനനുസരിച്ച് ചിറകളുടെ എണ്ണംകൂട്ടി.
തോട്ടിലെ കല്ലും മണലും ഉപയോഗിച്ച് അതതു സ്ഥലത്തുമാത്രമാണ് ചിറകൾ കെട്ടിയിരിക്കുന്നത്. ഇതുവഴി തോട്ടിലെ വെള്ളത്തിന്റെ സാന്നിധ്യം നിലനിർത്താനാകുമെന്ന് ഇവർ പറയുന്നു. പാപ്പാത്തിക്കുണ്ടുപള്ളത്തിന്റെ വനമേഖലയിലുള്ള ഭാഗത്താണ് ചിറകൾ നിർമിച്ച് ജലസംരക്ഷണം നടത്തിയിരിക്കുന്നത്. വനപ്രദേശമായതിനാൽ മറ്റു ശല്യങ്ങളും ഉണ്ടാകുന്നില്ല. ഏതാനും വർഷത്തെ തുടർച്ചയായ പ്രയത്നത്തിലൂടെയാണ് ജലസാന്നിധ്യം പിടിച്ചുനിർത്താനായതെന്ന് ആദിവാസി യുവാക്കൾ അവകാശപ്പെട്ടു.
തങ്ങൾ നടത്തുന്ന ജലസംരക്ഷണത്തിൽ വന്യമൃഗങ്ങളും മുഖ്യപങ്കാളികളാണെന്നാണ് ഇവർ പറയുന്നത്. തോട്ടിൽ ഉടനീളം നൂറുകണക്കിനു ചിറകൾകെട്ടി വെള്ളം തടഞ്ഞിട്ടുണ്ടെങ്കിലും ഒരൊറ്റ കല്ലുപോലും ഇളകാതെ ശ്രദ്ധാപൂർവമാണ് ആനക്കൂട്ടം തോട്ടിലിറങ്ങി വെള്ളം കുടിച്ചുമടങ്ങുന്നതത്രെ. മാത്രമല്ല, പള്ളത്തിലെ മണ്ണിളക്കിക്കളയുകയോ മരങ്ങളും വള്ളിച്ചെടികളും നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ കൂടുതൾ ചിറകൾ കെട്ടി ജലസംഭരണത്തിന്റെ ദൈർഘ്യം തോട്ടിൽ വർധിപ്പിക്കാൻ ഇനിയും ശ്രമിക്കുമെന്ന് ഈ മൂവർസംഘം പറഞ്ഞു.കോടികളുടെ പദ്ധതികളോ പ്ലാനോ വിദഗ്ധ ഉപദേശമോ ഇല്ലാതെയാണ് ഒരു തോടിന്റെ ജീവൻ ഇവർ നിലനിർത്തുന്നത്. അട്ടപ്പാടിയുടെ മണ്ണൊലിപ്പു തടയാനും ജലസംരക്ഷണത്തിനുമായി തടയണകളും മഴക്കുഴികളും വനവത്കരണവും നടത്തി കോടികൾ ചെലവഴിച്ച അട്ടപ്പാടിയിലെ ഭൂപ്രദേശവും അരുവികളും വാട്ടർഷെഡുകളും പുൽനാന്പുകൾ കിളിർക്കാതെ വരണ്ടുണങ്ങി കിടക്കുന്പോഴാണ് പാപ്പാത്തിക്കുണ്ടിലെ ജലസാന്നിധ്യത്തിനു പ്രസക്തിയേറുന്നത്.