കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ ദ്വീപു നിവാസികൾക്ക് സഹായത്തിനായും കായലിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനും ഒരു വിളിക്കപ്പുറം ഇനി മുതൽ “ജല ആംബുലൻസ്’ ഉണ്ടാകും. ജല ഗതാഗത വകുപ്പിന്റെ ഇത്തരത്തിലുള്ള ആദ്യ സംവിധാനം നാളെ 11.30ന് പാണാവള്ളി സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കും.
ജല ആംബുലൻസിന്റെ ആദ്യ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്. പൊതു ജനങ്ങൾക്ക് പ്രത്യേകം അനുവദിച്ചിരിക്കുന്ന ഫോണ് നന്പർ വഴിയാണ് സർവീസ് ലഭ്യമാകുക. ജല ആംബുലൻസ് സർവീസിനായിട്ടുള്ള നന്പറിൽ വിളിച്ചാൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിമിഷങ്ങൾക്കകം ബോട്ടെത്തും.
ആദ്യ ഘട്ടത്തിൽ അഞ്ച് ജല ആംബുലൻസുകളാണ് അനുവദിച്ചിരിക്കുന്നത്. പാണാവള്ളിക്കു പുറമേ ആലപ്പുഴ, മുഹമ്മ, വൈക്കം, എറണാകുളം എന്നിവടങ്ങളിലും രണ്ടാഴ്ചയ്ക്കകം ജല ആംബുലൻസ് സർവീസിനെത്തും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.
കരഗതാഗതത്തെക്കാൾ ജലഗതാഗതം പ്രയോജനപ്പെടുത്താവുന്ന നിരവധി പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും ഇതുവരെ ഈ സാധ്യത പ്രയോജനപ്പെടുത്തിയിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ യാത്രാ ബോട്ടുകളെ തന്നെയാണ് ചില പ്രദേശങ്ങളിൽ നിലവിൽ ആശ്രയിക്കുന്നത്.
സ്റ്റീൽ ബോട്ടുകളാണ് ജല ആംബുലൻസായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന്റെ നിർമാണ ചെലവ് 50 ലക്ഷം രൂപയാണ്. 16 പേർക്ക് കയറാവുന്ന ബോട്ടിൽ എല്ലാവിധ ആധുനിക സംവിധാനങ്ങളുമുണ്ട്. മൂന്നു ജീവനക്കാരാണ് ബോട്ടിൽ ഉണ്ടാവുക. പ്രഥമ ശുശ്രൂഷ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ.
ഓക്സിജൻ സിലിണ്ടറടക്കം ഒരു ആംബുലൻസിൽ ലഭ്യമായ എല്ലാ ജീവൻരക്ഷാ ഉപകരണങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. 12 നോട്ടിൽ മൈലാണ് ജല ആംബുലൻസിന്റെ വേഗത. സർവീസ് ഉപയോഗിക്കുന്നവരിൽ നിന്ന് ചെറിയ തുക മാത്രമേ ഈടാക്കുകയുള്ളൂ.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഗതി മറൈൻ ഡിസൈൻ ആൻഡ് കണ്സ്ട്രക്ഷൻ എന്ന സ്ഥാപനമാണ് ബോട്ട് നിർമിച്ചത്. ജലഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്ന കായലോര വാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഇവ ഏറ പ്രയോജനം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.