സ്വന്തം ലേഖകൻ
തൃശൂർ: ജലം കൊണ്ട് മുറിവേൽക്കാതിരിക്കാൻ ഒരൽപ്പം മുൻകരുതലുകളെടുത്താൽ ഈ മഴക്കാലത്ത് മുങ്ങിമരണങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. കനത്ത മഴയിൽ ജലാശയങ്ങളെല്ലാം നിറഞ്ഞതോടെ മുങ്ങിമരണങ്ങളുടെ കണക്കുകളും കൂടിയിട്ടണ്ട്. മുതിർന്നവരും കുട്ടികളും ഒരുപോലെ കുളങ്ങളിലും ചിറകളിലും പുഴകളിലും ആൾമറയില്ലാത്ത കിണറുകളിലും മുങ്ങിമരിക്കുന്നത് മഴക്കാലത്ത് കൂടുതലാണ്.
മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾ ഒരിക്കലും ജലാശയങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന പ്രധാനപ്പെട്ട മുന്നറിയിപ്പാണ് ഫയർഫോഴ്സ് അധികൃതർ നൽകുന്നത്. പല കേസുകളിലും മുതിർന്നവരറിയാതെയോ അവരുടെ സമ്മതമില്ലാതെയോ ആണ് കുട്ടികൾ പുഴയിലും ക്വാറികളിലെ വെള്ളക്കെട്ടിലുമെല്ലാം കുളിക്കാനും മീൻപിടിക്കാനുമിറങ്ങി അപകടത്തിൽ പെടുന്നത്.
കുട്ടികൾ പുഴയിലും കായലിലും തോട്ടിലുമൊക്കെ കുളിക്കാനും മീൻപിടിക്കാനും പോകണമെന്ന് പറയുന്പോൾ ഒരിക്കലും അവരെ ഒറ്റയ്ക്ക് വിടരുത്. മതിലുകൾക്ക് മുകളിൽ നിന്നും മരക്കൊന്പുകൾക്ക് മുകളിൽ നിന്നും ജലാശയങ്ങളിലേക്ക് എടുത്തുചാടി മുങ്ങാംകുഴിയിടുന്ന കളികളിൽ നിന്ന് കുട്ടികളെ നിർബന്ധമായും വിലക്കണമെന്നതാണ് മറ്റൊരു മുൻകരുതൽ സുരക്ഷാനടപടി.
ജലാശയങ്ങളിലെ കുത്തൊഴുക്ക് പലപ്പോഴും കരയ്ക്കു നിൽക്കുന്പോൾ മനസിലാകണമെന്നില്ല. അതിനാൽ പരിചയമില്ലാത്ത പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങാതിരിക്കുക. അഥവാ ഇറങ്ങുകയാണെങ്കിൽ പരിചയമുള്ള ആരോടെങ്കിലും ആ ജലാശയത്തെക്കുറിച്ച് ചോദിച്ച് മനസിലാക്കി മാത്രം ഇറങ്ങുക. ഏതു പുഴയിലും ചിറയിലും കുളിക്കാനിറങ്ങുന്പോൾ സ്വരക്ഷക്കായി ഒരു മുളവടി കരുതുക. രക്ഷാപ്രവർത്തനത്തിനെത്തുന്നവർക്ക് ഈ മുളവടി സഹായകമാകും.
ജലാശയത്തിന്റെ ആഴങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലപ്പോഴും അപകടത്തിൽ പെടുന്നതെന്നതിനാൽ അറിയാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ അപകടങ്ങളും അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമാണ് നടക്കുന്നത്. ഈ ദിവസങ്ങളിൽ കുട്ടികളും യുവാക്കളും കൂട്ടുകൂടി ജലാശയങ്ങൾ കാണാൻ പോവുകയും വെള്ളക്കെട്ടിൽ മീൻ പിടിക്കാൻ പോവുകയും കടൽ കാണാൻ പോവുകയുമെല്ലാം ചെയ്യാറുണ്ട്.
പലപ്പോഴും ആഘോഷത്തിമർപ്പിൽ നീന്തലറിയാത്തവർ പോലും ജലാശയങ്ങളിൽ ഇറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യാറുണ്ട്. നീന്തലറിയാത്തവർ ഒരു കാരണവശാലും പുഴയിലും മറ്റും ഇറങ്ങരുത്. ലഹരിവസ്തുക്കളും മയക്കുമരുന്നും ഉപയോഗിച്ച് ജലാശയങ്ങളിൽ ഇറങ്ങുന്നത് മരണം ക്ഷണിച്ചുവരുത്തലാകുമെന്നതിനാൽ ഇവ ഉപയോഗിച്ച് ജലാശയങ്ങളിൽ ഇറങ്ങരുത്.
ശാരീരികമായി ക്ഷീണമുള്ളവർ നീന്തലറിയുമെങ്കിൽ പോലും പുഴയിലിറങ്ങരുത്. അപകടസാധ്യതകളോചുഴിയോ ഉള്ള ജലാശയങ്ങൾക്കു സമീപം സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണം. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന കടൽതീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവക്കരികിൽ സുരക്ഷയ്ക്കായി ലൈഫ്ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
അടിയന്തിര പ്രാഥമിക ശുശ്രൂഷക്കാവശ്യമായ സജ്ജീകരണങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണം.
കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളും ജില്ല ഭരണകൂടവും നൽകുന്ന മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും അവഗണിക്കാതിരിക്കുക. ബന്ധുവീടുകളിൽ വിരുന്നിനും അവധിക്കും മറ്റുമായി പോകുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഇവർ കൂട്ടുകൂടി വെള്ളത്തിലേക്ക് പോകാൻ സാധ്യതകളേറെയാണ്.
ചെറിയ കുട്ടികളെ മഴക്കാലത്ത് വീടിനടുത്ത് ജലാശയങ്ങളുണ്ടെങ്കിൽ പരമാവധി വീടിനു പുറത്ത് കളിക്കാൻ വിടാതിരിക്കുക. പുറത്തേക്ക് കൊണ്ടുപോകുന്നത് രക്ഷിതാക്കളുടെ ഒപ്പം മാത്രമാക്കുക. കഴിഞ്ഞ ദിവസം വലപ്പാട് മൂന്നരവയസുള്ള കുട്ടി താറാവിനൊപ്പം കളിച്ചുകൊണ്ടിരിക്കെ താറാവ് കുളത്തിലേക്ക് പോയപ്പോൾ പിന്നാലെ ഇറങ്ങിയാണ് അപകടത്തിൽ പെട്ടത്. എന്തെങ്കിലും അസുഖങ്ങളുള്ള കുട്ടികളെ ജലാശയങ്ങളിൽ ഇറക്കരുത്.
പുഴയിലും കായയിലും തോട്ടിലുമൊക്കെ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനെത്തുന്നവരും സുരക്ഷ മുൻകരുതൽ കൈക്കൊള്ളണം. പെട്ടന്ന് വെള്ളത്തിലേക്ക് എടുത്തു ചാടാതെ മുളവടിയോ കയറോ തുണിയോ നീട്ടിക്കൊടുത്ത് ജലാശയത്തിൽ പെട്ടവരെ കരകയറ്റാനാണ് ശ്രമിക്കണ്ടത്.
രാത്രിയിൽ നദികളിലും മറ്റും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക. തിരക്കില്ലാത്ത ബീച്ചുകൾ, നദീതീരങ്ങൾ എന്നിവയും പരമാവധി വേണ്ടെന്ന് വെക്കുക. അപകടത്തിൽ പെട്ടാൽ സഹായത്തിന് വിളിച്ചാൽ ആളില്ലാത്ത ഇടങ്ങൾ കൂടുതൽ അപകടകരമാണെന്നോർക്കുക.
കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 1508 പേരാണ് മുങ്ങിമരിച്ചത്. ഇതിൽ 571 പേർ കുട്ടികളാണ്. 247 സ്ത്രീകളും മുങ്ങിമരിച്ചു. 2016ൽ 1350 പേരും 2015ൽ 1380 പേരും കേരളത്തിൽ പലയിടത്തായി മുങ്ങിമരിച്ചു.കേരളത്തിലെ സ്കൂളുകളിൽ വിദേശ രാജ്യങ്ങളിലേതു പോലെ നീന്തൽ പഠനം നിർബന്ധമാക്കണമെന്ന ആവശ്യം ഈ മഴക്കാലത്തും ഉയരുന്നുണ്ട്.