ആലപ്പുഴ: ജില്ലയിലെ വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം വാട്ടർ എടിഎം കൗണ്ടറുകൾ സ്ഥാപിക്കണമെന്ന ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ് തോമസിന്റെ ആവശ്യത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം. വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത തലത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് പ്രാഥമിക ചെലവിനായി 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
നേരത്തെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയിട്ടുള്ളതാണ്. ജലസ്രോതസുള്ള സ്ഥലത്ത് വാട്ടർ എടിഎം കൗണ്ടറുകൾ സ്ഥാപിച്ച് അതിലൂടെ വെള്ളം കയറ്റി ശുദ്ധീകരിച്ച് ജനങ്ങൾക്ക് നൽകുന്നതാണ് പദ്ധതി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ഫലപ്രദമായി ഇതു നടപ്പിലാക്കിയാൽ ശുദ്ധജലദൗർലഭ്യം ഒരു പരിധിവരെ മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.