കളമശേരി: കളമശേരി വാട്ടർ അഥോറിറ്റിയിൽ ഗാർഹിക ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി ഉപയോഗിക്കാത്ത വെള്ളത്തിന് കൊള്ളക്കരം ഈടാക്കുന്നതായി പരാതി. പലരിൽ നിന്നും 8,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ബിൽ ഈടാക്കുന്നതായാണ് പരാതി.രണ്ട് മാസം കൂടുമ്പോൾ 300 രൂപയോളം വെള്ളക്കരം അടച്ചിരുന്ന നോർത്ത് കളമശേരിയിലെ ഗാർഹിക ഉപഭോക്താവിന് 8,000 രൂപയുടെ ബില്ലാണ് നൽകിയത്.
കളമശേരിയിലെ തന്നെ മറ്റൊരു ഉപഭോക്താവിന് 1.5 ലക്ഷം രൂപയും ബിൽ നൽകി. എണ്ണായിരത്തിന്റെ ബിൽ കിട്ടിയ ആൾ ഓഫീസിൽ ബില്ലുമായെത്തിപ്പോൾ നിലവിലെ ബില്ലിന്റെ പകുതി തുക അടച്ച് പരാതി തന്നാൽ ഡിവിഷണൽ ഓഫീസ് മുഖേന കേസെടുത്ത് തുക കുറയ്ക്കാക്കാമെന്നും അന്വേഷണം നടത്തി തുക തിരികെ കിട്ടാനുള്ള അവസരമുണ്ടാക്കാമെന്നുമാണ് ആദ്യം പറഞ്ഞത്.
ഈ ഉറപ്പിൽ പകുതി തുകയായ 4,000 രൂപ അടച്ച് അപേക്ഷിച്ചു. എന്നാൽ യാതൊരുവിധ അന്വേഷണവും നടത്താതെ ബാക്കി തൂക കൂടി അടയ്ക്കാൻ വാട്ടർ അഥോറിറ്റി നോട്ടീസ് നൽകി നടപടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ബിൽ തുക അടച്ചില്ലെങ്കിൽ കുടിവെള്ളം മുടങ്ങുമെന്ന ഭീതിയിലുമാണ് കുടുംബം. റീഡിംഗ് എടുക്കുന്നയാളോട് അമിത ബില്ലിനെപ്പറ്റി ചോദിച്ചാൽ മറുപടി പറയാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
പ്ലംബറെ കൊണ്ട് പരിശോധിച്ചപ്പോഴാണ് വെള്ളം ലീക്കായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം പരാതിയിൽ കാണിച്ചിട്ടും അന്വേഷണം നടത്താതെ കിട്ടിയ ബിൽ അടക്കണമെന്ന പിടിവാശിയിലാണ് അഥോറിറ്റി.ഗാർഹിക ആവശ്യവെള്ളത്തിന് 5,000 ലിറ്റർ വരെ മിനിമം തുകയായ 20 രൂപയും അതിന് മുകളിൽ 5,000 മുതൽ 10,000 ലിറ്റർ വരെ ഉപയോഗിക്കുന്പോൾ കൂടുതലായി ഉപയോഗിച്ച 5,000 ലിറ്റർ വെള്ളത്തിന് നാലു രൂപ വീതവും നൽകണം.
അതിന് മുകളിൽ 10,000-20,000 എന്നിങ്ങനെ വരുന്ന സ്ലാബുകൾക്ക് ആദ്യ അയ്യായിരം കഴിഞ്ഞ് ഉപയോഗിക്കുന്ന ഓരോ ലിറ്റർ വെള്ളത്തിനും അഞ്ചു രൂപ വീതവും നൽകണം. ഇതു മൂലമാണ് തുക ഇരട്ടിയായി കൂടി വരുന്നത്. ഇതാണ് ലൈനിലും മറ്റും ചോർച്ചയുള്ള ഉപഭോക്താക്കൾക്ക് ഇരുട്ടടിയായിരിക്കുന്നത്.
സൗത്ത് കളമശേരി മേൽപാലത്തിനടിയിലൂടെയും നോർത്ത് കളമശേരി പ്രീതി തിയറ്റർ റോഡിലും പള്ളിലാംകരയിലുമൊക്കെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം മാസങ്ങളായി പൈപ്പ് പൊട്ടി ഒഴുകുന്നതായി ആക്ഷേപമുണ്ട്. ഉയരമുള്ള കെട്ടിടങ്ങളിൽ ഇതുമൂലം വെള്ളം കയറാത്ത സ്ഥിതിയുമുണ്ട്. ഇക്കാര്യം അഥോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. അമിത ബില്ലിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.