കോട്ടയം: ഒൻപത് മാസമായി വാട്ടർ അഥോറ്റിയുടെ കണക്ഷനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചെങ്ങളത്തെ ഏതാനും കുടുംബങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം കൈതകം-മണലേൽചിറ റോഡിനു സമീപം താമസിക്കുന്ന ഏതാനും കുടുംബങ്ങളാണ് വെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നത്. കണക്ഷൻ ലഭിക്കാൻ കഴിഞ്ഞ ജനുവരിയിൽ വാട്ടർ അഥോറിറ്റിയിൽ അപേക്ഷ സമർപ്പിച്ചതാണ്.
അന്നത്തെ അസിസ്റ്റന്റ് എൻജിനിയർ അപേക്ഷയിൽ ഒപ്പിട്ടു നല്കി. പിന്നീട് ബന്ധപ്പെട്ട ഓവർസീയർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചാലേ കണക്ഷൻ നടപടികളിലേക്ക് നീങ്ങാനാവു. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി അപേക്ഷകർ വാട്ടർ അഥോറിറ്റിയുടെ പടികയറിയിറങ്ങി നടക്കുകയാണ്. ഉടനെ വരാം, അടുത്ത ആഴ്ചയാവട്ടെ എന്നിങ്ങനെ ഓരോ അവധി പറഞ്ഞയക്കുകയല്ലാതെ ഇതുവരെ സ്ഥലത്തെത്തി അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളുടെ ചുമതലയുള്ള എഇ പെൻഷനായി പോയിട്ട് പകരം ആളെ നിയമിച്ചിട്ടില്ല. ഇക്കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ തിരുവാർപ്പ് പഞ്ചായത്തിലെ ചില കണക്ഷനുകൾ നല്‍കാത്തതെന്നു പറയുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ജലവിതരണത്തിൽ ഒട്ടനവധി പരാതികൾ ഉയരുന്നുണ്ട്. ഇതൊക്കെ പരിഹരിക്കണമെങ്കിൽ എഇ തസ്തികയിലെ ആളെത്തണം.
ഒൻപത് മാസമായി കണക്ഷനു വേണ്ടി കാത്തിരിക്കുന്നവരും ചോദിക്കുന്നു എഇ എന്നു വരും. അതേ സമയം ഇതിനിടെ ചെങ്ങളത്ത് അപേക്ഷ നല്കി ഒരാഴ്ചക്കകം വാട്ടർ കണക്ഷൻ നല്‍കിയത് എങ്ങനെയെന്ന് കിട്ടാത്തവർ ചോദിക്കുന്നു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ വിവേചനം കാണിക്കുന്നുവെന്നാണ് ഇവരുടെ പരാതി.