കൊല്ലം : വാട്ടർ അഥോറിററ്റിയിൽ പന്പ് – വാൽവ് ഓപ്പറേറ്റർ, മീറ്റർ റീഡർ, തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ എച്ച്. ആർ. ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി കരാർ എച്ച്. ആർ. സംയുക്ത സമര സമിതി സംസ്ഥാന കണ്‍വീനർ എ.റഹിംകുട്ടി ആവശ്യപ്പെട്ടു.
സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയർ കാര്യാലയത്തിനു മുന്പിൽ നടത്തിയ കൂട്ട ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കരാർ ദിവസ – മാസ വേതനക്കാരുടെ ഡ്യൂട്ടി വേതനം 650 രൂപയായി ഉയർത്തി സർക്കാർ ഉത്തരവുണ്ടായിമൂന്നു വർഷം പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി വേതനം ഉയർത്താത്ത നിലപാട് തൊഴിലാളി വിരുദ്ധമാണ്.
ദീർഘകാലമായി വാട്ടർ അഥോറിറ്റിയ്ക്കു വേണ്ടി ജോലി ചെയ്യുന്ന എച്ച്.ആർ. വിഭാഗത്തെ പിരിച്ചു വിടാൻ അധികൃതർ നടത്തുന്ന നീക്കത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ ജീവനക്കാരും കുടുംബാംഗങ്ങളും ജീവന്മരണ പോരാട്ടത്തിന് തയാറാകുമെന്ന് എ.റഹിംകുട്ടി തുടർന്ന് പറഞ്ഞു.
സമരസമിതി ജനറൽ സെക്രട്ടറി കെ.ജി.കുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്.വർഗീസ്, എച്ച്. ഹേമചന്ദ്രൻ, പി.എസ്.താഹ, എം.രാജീവ്, എ.ഷെഫീക്, അബ്ദുൾ സമദ്, എസ്.മനോഹരൻ, കെ.ഗോപിനാഥൻ, എന്നിവർ പ്രസംഗിച്ചു.