കായംകുളം: പുതിയ കെട്ടിടം നിർമിച്ച് രണ്ടുവർഷം ആയപ്പോഴേക്കും കായംകുളം വാട്ടർ അഥോറിറ്റി ഓഫീസ് ചോർന്നൊലിക്കുന്നു. ഹരിപ്പാട് സബ് ഡിവിഷന്റെ കീഴിലുള്ള കായംകുളം വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസ് ആണ് പണി പൂർത്തിയായി രണ്ടു വർഷമാകുന്പോഴേക്കും മഴക്കാലത്ത് ചോർന്നൊലിക്കുന്നത്.
കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം ഫയലുകളും കംപ്യൂട്ടർ ഉൾപ്പെടെ ഓഫീസ് സാമഗ്രികളും മഴവെള്ളം വീണ് നശിക്കുന്ന അവസ്ഥയാണ്. കെട്ടിട നിർമാണത്തിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഇതിനെകുറിച്ചന്വേഷിക്കാനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു.
പഴയ ഓഫീസ് ശോചനീയാവസ്ഥയിൽ ആയപ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പുതിയ ഓഫീസ് നിർമിക്കാൻ ടെണ്ടർ നൽകിയത്. ഇപ്പോൾ പണി പൂർത്തീകരിച്ചുവെങ്കിലും മുനിസിപ്പാലിറ്റി നന്പർ ഇട്ടിട്ടില്ലാത്തതിനാൽ വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. പഴയ ഓഫീസിൽ നിന്നും താത്കാലികമായി വൈദ്യുതി കണക്ഷൻ എടുത്തിരിക്കുകയാണ്.
പഴയ ഓഫീസിന്റെ കോണ്ക്രീറ്റ് പാളികൾ താഴേക്ക് അടർന്നു വീഴാൻ തുടങ്ങിയപ്പോഴാണ് ഉദ്ഘാടനത്തിന് മുന്പ് തന്നെ പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറിയത്. എന്നാൽ പുതിയ കെട്ടിടവും ഇപ്പോൾ ജീവനക്കാർക്ക് ദുരിതമായി മാറുകയാണ്.