കുണ്ടറ:വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം പണമടച്ച് കണക്ഷനെടുത്തവർക്ക് വെള്ളം ലഭിക്കുന്നില്ല. പനയം പഞ്ചായത്തിലെ എട്ടാം വാർഡിലെ പാന്പാലിൽ നിവാസികൾക്കാണ് പൈപ്പ് വെള്ളം ലഭിക്കാത്തത്.പാന്പാലിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്.
ഫുൾ ടാങ്ക് വെള്ളം നിറക്കുന്പോഴൊക്കെ എല്ലാ ഗുണഭോക്താക്കൾക്ക് മുന്പ് യഥേഷ്ടം വെള്ളം ലഭിച്ചിരുന്നത് കുറേ മാസങ്ങളായി നിലയ്ക്കാൻ കാരണമെന്തെന്ന് ജലഅതോറ്റി അധികാരികൾ പറയുന്നില്ല. 20 വർഷം മുന്പ് കുഴിച്ചിട്ട പൈപ്പുകൾ പൊട്ടിയും നന്നാക്കിയും തുടർന്നുവന്നതിനിടെയാണ് വെള്ളം നിശേഷം നിലച്ചിരിക്കുന്നത്.
ജനപ്രതിനിധികളോട് പറഞ്ഞു മടുത്തുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. എങ്ങുനിന്നും പ്രശ്നത്തിന് പരിഹാരത്തിന് മാർഗമില്ലാതായപ്പോൾ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. അടിയന്തിരമായി അന്വേഷിച്ച് നടപടിയെടുക്കാൻ കൊല്ലം വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശവും നൽകിയെങ്കിലും പരിഹാരമായില്ല.
വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായി. പരിസരപ്രദേശത്തെ കിണറുകൾ വറ്റിത്തുടങ്ങി. വില നൽകി വണ്ടിവെള്ളം ദിവസവും വാങ്ങി ഉപയോഗിക്കാൻ സാന്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഇതു സംബന്ധിച്ച് പെരിനാട് പാന്പാലിൽ സ്വദേശി ബി. സത്യശീലനാണ് കഴിഞ്ഞ ഏഴിന് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ഇതുവരെ പരിഹാരമുണ്ടായില്ല. ജലക്ഷാമം രൂക്ഷമായിട്ടും ജനപ്രതിനിധികളോ ജലഅതോറിറ്റി അധികൃതരോ ജില്ലാ ഭരണകൂടമോ കണ്ണുതുറക്കുന്നില്ലെന്നാണ് സത്യശീലന്റെ പരാതി.