മാവേലിക്കര: ഉപയോഗിക്കാത്ത കുടിവെള്ളത്തിനു കരം ആവശ്യപ്പെട്ടുള്ള സംഭവങ്ങൾ മാവേലിക്കര വാട്ടർ അഥോറിറ്റിയിൽ തുടർക്കഥയാകുന്നതായി ആക്ഷേപം.മാവേലിക്കര മണക്കാട് ത്രിവേണിയിൽ ദേവരാജനാണ് ഏറ്റവും ഒടുവിലത്തെ ഇര. കഴിഞ്ഞ ഒന്‍പതുമാസമായി ആൾ താമസമില്ലാത്ത വീട്ടിൽ കഴിഞ്ഞ ജൂണ്‍ ആറിലെ റീഡിംഗ് പ്രകാരം 187 ലിറ്റർ കുടിവെള്ളം ഉപയോഗിച്ചതായി കാട്ടി ബിൽ നന്പർ 26653010 പ്രകാരം 28,540 രൂപ അടയ്ക്കുവാൻ അഥോറിറ്റി ആവശ്യപ്പെട്ടതായി ദേവരാജൻ പറയുന്നു.
ഓരോ വർഷത്തെയും വെള്ളക്കരം ഒരുമിച്ച് അടയ്ക്കുന്ന ഇയാൾ കഴിഞ്ഞ ഡിസംബറിൽ ആ വർഷത്തെ തുകയടച്ചപ്പോൾ കുടിശികയൊന്നുമില്ലെന്നു ഉറപ്പുവരുത്തിയിരുന്നു. ഇത്തരം അനുഭവങ്ങൾ നഗരത്തിലെ പല ഉപഭോക്താക്കൾക്കും ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
വാട്ടർ അഥോറിട്ടി ഓഫീസിനു നൂറുമീറ്റർ അകലെ ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതൊന്നും പരിഹരിക്കുവാൻ ഉദ്യോഗസ്ഥർ താൽപ്പര്യം കാട്ടാതെ പാവപ്പെട്ട ഉപഭോക്താക്കളെ പിഴിയുന്ന നിലപാടാണ് അഥോറിട്ടി കാട്ടുന്നതെന്നും പൊതുജനം ആരോപിക്കുന്നു.