അടൂർ: കെപി റോഡിൽ അടൂർ – പത്തനാപുരം ഭാഗത്തെ പണികൾ വൈകുന്നതിനു പിന്നിൽ ജലഅഥോറിറ്റിയുടെ നിലപാടുകളാണെന്ന ആക്ഷേപവുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം ജലഅഥോറിറ്റി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് മന്ത്രി ജി. സുധാകരനും ആരോപിച്ചു.
കഴിഞ്ഞ ദിവസം കെപി റോഡിൽ മരുതിമൂടിനു സമീപം വീട്ടമ്മ കഐസ്ആർടിസി ബസിനടിയിൽപെട്ടു മരിച്ച സംഭവം റോഡിന്റെ തകർച്ച മൂലമാണെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ജലഅഥോറിറ്റിക്കെതിരെ പിഡബ്ല്യുഡി പരസ്യനിലപാടെടുത്തത്.
കെപി റോഡിലെ നിർമാണം പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ അഞ്ചു തവണ ബന്ധപ്പെട്ട എൻജിനീയർമാർക്ക് നിർദേശം നൽകിയിരുന്നതാണെന്ന് മന്ത്രി സുധാകരൻ ചൂണ്ടിക്കാട്ടി. ടെൻഡർ ഉറപ്പിച്ചു കഴിഞ്ഞാൽ കരാറുകാർക്ക് സ്വതന്ത്രമായി റോഡ് പണിയാൻ അധികാരമുണ്ട്. ആർക്കും തടയാനാകില്ല.
പ്രാദേശികപ്രശ്നങ്ങൾ എംഎൽഎയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യണം. റോഡിന്റെ പണികൾ വൈകിപ്പിച്ചതിനു കാരണം ജലഅഥോറിറ്റിയാണെന്ന ആക്ഷേപം അന്വേഷിക്കേണ്ടതാണെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.