കോട്ടയം: നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങുന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ഒന്നരയാഴ്ചയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ല. പേരൂർ പൂവത്തുംമൂട് പന്പ് ഹൗസിലെ കിണറ്റിൽ നിന്നും ചെളി നീക്കുന്ന ജോലികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ള ക്ഷാമം നേരിട്ടു തുടങ്ങിയത്. ഇതോടെ പൂവത്തുംമൂട്ടിൽ നിന്നുള്ള പന്പിംഗ് രാത്രിയിൽ മാത്രമാക്കിയിരുന്നു.
കഴിഞ്ഞ 30നു ചെളിനീക്കൽ പൂർത്തിയാക്കി പൂർണതോതിൽ പന്പിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് വാട്ടർ അഥോറിട്ടി അറിയിച്ചിരുന്നത്. എന്നാൽ പല വിധത്തിലുള്ള കാരണങ്ങളാൽ ചെളി നീക്കൽ തടസപ്പെട്ടു. ഇതോടെയാണു നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. ചെളി നീക്കൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും.
എന്നാൽ ചെളിനീക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്‍പു തന്നെ കഞ്ഞിക്കുഴി, മുട്ടന്പലം പ്രദേശങ്ങളിൽ കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായിരുന്നു. ഇവിടെ ഏതാനും നാളുകളായി കുറഞ്ഞ അളവിൽ മാത്രമാണു വെള്ളം ലഭിക്കുന്നത്. ഇതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങൾ വളരെയധികം ബുദ്ധിമുട്ടുകയാണ്.
കഞ്ഞിക്കുഴി പ്ലാന്‍േറഷൻ കോർപ്പറേഷൻ സമീപമുള്ള റെയിൽവേ മേൽപ്പാലം പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ടു വാട്ടർ അഥോറിട്ടിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു കുടിവെള്ളം കുറഞ്ഞ അളവിൽ ലഭിക്കുന്നതെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു. നഗരത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്നു കഞ്ഞിക്കുഴി, മുട്ടന്പലം നിവാസികൾ ആവശ്യപ്പെട്ടു.