ചാലക്കുടി: പൈപ്പുകൾ അറ്റകുറ്റപണിക്കുവേണ്ടി വാട്ടർ അഥോറിറ്റി റോഡ് കുഴിച്ചത് പണി തീർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും നികത്താത്തത് നാട്ടുകാർക്ക് വിനയായി. താലൂക്ക് ആശുപത്രി ജംഗ്ഷനിൽ സെന്റ് ജെയിംസ് അക്കാദമി റോഡിലാണ് ഈ ദുരിതം. കുറേ ദിവസങ്ങളായി ഈ പരിസരത്ത് കുടിവെള്ള വിതരണം നിലച്ചിരിക്കയായിരുന്നു.
തകരാർ കണ്ടുപിടിക്കുന്നതിനുവേണ്ടി റോഡിന്റെ പല ഭാഗങ്ങളിലും വാട്ടർ അഥോറിറ്റി കുഴിച്ച് നോക്കുകയായിരുന്നു. തകരാർ കണ്ടുപിടിച്ച് ശുദ്ധജലവിതരണം സാധാരണ നിലയിൽ എത്തിയെങ്കിലും കുഴികൾ പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. റോഡ് ക്ലോസ്ഡ് എന്ന ബോർഡ് ഇപ്പോഴും മാറ്റിയിട്ടില്ല.
റോഡിന്റെ പല ഭാഗത്തും കുഴികളിൽ വെറുതെ മണ്ണ് വാരി ഇട്ടിരിക്കുന്നതിനാൽ ചതിക്കുഴികളായി മാറിയിരിക്കയാണ്. വാഹനങ്ങൾ ഇതിനു മുകളിൽ കൂടി പോയാൽ കുഴികളിൽ താഴുകയാണ്. താലൂക്ക് ആശുപത്രി ജംഗ്ഷനിലെ കടകൾക്ക് മുന്നിലും വാട്ടർ അഥോറിറ്റിയുടെ ചതിക്കുഴികളാണ്. ഇതിനാൽ കടകളിലേക്ക് ആർക്കും കയറി ചെല്ലാൻ സാധിക്കാത്ത സാഹചര്യമാണ്. വാട്ടർ അഥോറിറ്റി അധികൃതരെ നാട്ടുകാർ പലതവണ വിവരമറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ല.