ആലപ്പുഴ: ഇല്ലാത്ത കണക്ഷന് ബില്ല് നൽകി ആലപ്പുഴ വാട്ടർ അതോറിട്ടിയുടെ ക്രൂരത. ആലപ്പുഴ പൂന്തോപ്പ് വാർഡ് കണിയാന്പറന്പ് വീട്ടിൽ അനിൽകുമാറിനാണ് 13,000 രൂപ ബിൽ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അഥോറിട്ടി നോട്ടീസ് നൽകിയത്. പണം അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്.
വീട്ടിൽ വാട്ടർ കണക്ഷൻ ഇല്ലെന്ന് അനിൽകുമാർ പറഞ്ഞെങ്കിലും വാട്ടർ അഥോറിട്ടി സമ്മതിക്കാൻ കൂട്ടാക്കുന്നില്ല. 13 വർഷം മുന്പ് അനിൽകുമാർ വാട്ടർ കണക്ഷനു അപേക്ഷ നല്കിയിരുന്നു. എന്നാൽ കണക്ഷൻ ഇതുവരെ എടുത്തിട്ടില്ല.
കഴിഞ്ഞ വർഷമാണ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി നോട്ടീസ് ലഭിക്കുന്നത്. കണക്ഷൻ എടുത്തിട്ടില്ലെന്നു കാട്ടി വാട്ടർ അഥോറിട്ടി ഓഫീസിൽ രേഖാമൂലം പരാതിയും നൽകി. ഇതിനുശേഷം നടപടി ഒന്നും ഉണ്ടായില്ല.
കഴിഞ്ഞ ദിവസമാണ് കുടിശിക ഉൾപ്പെടെ കരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതെന്നു അനിൽകുമാർ പറയുന്നു. 30 വർഷം മുന്പു മരിച്ച അനിൽകുമാറിന്റെ അച്ഛന്റെ പേരിലാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
മുനിസിപ്പാലിറ്റി രേഖകളിൽ വീടിന്റെ ഉടമസ്ഥൻ അച്ഛനായതിനാലാണ് നേരത്തെ വാട്ടർ കണക്ഷന് അച്ഛന്റെ പേരിൽ അപേക്ഷ നൽകിയതെന്നും അനിൽകുമാർ പറഞ്ഞു. വാട്ടർ മീറ്റർ പോലും സ്ഥാപിക്കാത്തിടത്ത് എന്തടിസ്ഥാനത്തിലാണ് വാട്ടർ ചാർജ് കണക്കാക്കുന്നതെന്ന ചോദ്യത്തിനും അഥോറിറ്റിക്ക് ഉത്തരമില്ലെന്ന് അനിൽകുമാർ പറയുന്നു.