കോട്ടയം: ജില്ലയില്‍ ഏതുനിമിഷവും മഹാദുരന്തം വിതയ്ക്കാവുന്ന മുന്നൂറിലേറെ ജലബോംബുകള്‍. ഏക്കറുകള്‍ വിസ്തൃതമായ പാറമടക്കയങ്ങള് അപ്പാടെ നിറഞ്ഞൊഴുകുകയാണ്. പതിറ്റാണ്ടുകള്‍ തുടര്‍ന്ന വന്‍സ്ഫോടനങ്ങളില്‍ പാറക്കയങ്ങളോടു ചേര്‍ന്ന് ദുര്‍ബലമായ തിട്ടകള്‍ ഇടിഞ്ഞാല്‍ അണക്കെട്ടു തകരുംവിധം വെള്ളപ്പാച്ചില്‍ പ്രദേശങ്ങളെ തൂത്തെറിയും. വീടുകള്‍ തകര്‍ത്തും കൃഷിയിടങ്ങള്‍ വെളുപ്പിച്ചും മനുഷ്യമൃഗാദികളെ വകഞ്ഞെടുത്തും മിന്നല്‍ പ്രളയദുരന്ത സാധ്യത നിലനില്‍ക്കെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
പാറമടകള്‍ നടത്താനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളൊരിടത്തും ഒരു ഘട്ടത്തിലും പാലിക്കപ്പെടാറില്ല. പൊട്ടിക്കാന്‍ അനുമതിയുള്ളതിന്റെ പതിന്മടങ്ങ് അളവിലും ആഴത്തിലും വിസ്തൃതിയിലും പാറ തുരന്നെടുക്കുന്നു. സ്ഫോടക വസ്തുക്കളുടെ അളവോ സ്ഫോടനത്തിന്റെ എണ്ണമോ തീവ്രതയോ പാലിക്കപ്പെടാറില്ല. മട തുറക്കാന്‍ ലൈസന്‍സ് നല്കിക്കഴിഞ്ഞാല് ഖനനം സംബന്ധിച്ച ഉദ്യോഗസ്ഥതല തുടര്പരിശോധനകളുമില്ല.
അനുവദനീയ കാലാവധിക്കുശേഷവും ഖനനം തുടരുന്നതും മടയോടു ചേര്‍ന്ന കൂടുതല്‍ പ്രദേശങ്ങള്‍ വാങ്ങി അവിടെയും പാറ തുരക്കുന്നതും സാധാരണം. അധോലോക സ്വാധീനവും ഗുണ്ടായിസവുമുള്ള പാറമട ലോബികളോട് ഏറ്റുമുട്ടാനോ പ്രതിഷേധിക്കാനോ ദേശവാസികള്‍ക്ക് സാധിക്കാറുമില്ല.
അണക്കെട്ടു പോലെ…
അണക്കെട്ടുകളുടെ ഉയരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന പാറമടകള്‍ കടപ്ലാമറ്റം, നെടുങ്കുന്നം, കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ പലതുണ്ട്. കടപ്ലാമറ്റം പഞ്ചായത്തില്‍ 55, നെടുങ്കുന്നം 45 എന്ന തോതിലാണ് ഖനനശേഷം വെള്ളം നിറഞ്ഞു വെറുതെ കിടക്കുന്ന വന്മടകള്.
ഇത്രയും മടകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കല്ലാര്‍കുട്ടി, മലങ്കര, അരുവിക്കര സംഭരണികള്‍ക്കു തുല്യമാണെന്നാണ് ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നത്. ജിയോളജിക്കു പുറമെ മടയ്ക്കു ലൈസന്‍സ് നല്കുന്ന പഞ്ചായത്തുകളുടെയും റവന്യൂ വകുപ്പിന്റെയും ഉത്തരവാദിത്വമാണ് പാറമടകള്‍ ഉടമകളെക്കൊണ്ട് നികത്തിക്കുകയെന്നത്.
പത്തും ഏക്കറുകളോളം വിസ്തൃതിയില്‍ പച്ചപ്പായല് മൂടി വെള്ളം കെട്ടിക്കിടക്കുകയാണ് ഏറെയിടങ്ങളിലെയും മടകള്‍. നിലവില്‍ മത്സ്യകൃഷി നടത്തുന്നുവെന്ന പേരിലാണ് പല ലൈസന്‍സികളും ഈ ദുരന്ത ഭരണികള്‍ മൂടിക്കളയാത്തത്. ഒരു പതിറ്റാണ്ടിനുള്ളില്‍ മുപ്പതോളം പേര് ജില്ലയിലെ പാറക്കുളങ്ങളില്‍ വീണു മരിച്ചിട്ടുണ്ട്. പലപ്പോഴും തദ്ദേശസ്ഥാപനങ്ങളുടെയും ദേശവാസികളുടെയും മാലിന്യസംഭരണികളുമാണ് പാറക്കുളങ്ങള്‍.
ജില്ലയെ നടുക്കിയ കൂട്ടിക്കല്‍ മഹാദുരന്തത്തിനു പിന്നില്‍ മേഘസ്ഫോടനവും പെരുമഴയും മാത്രമായിരുന്നില്ല. ഇരുപതു വര്‍ഷം കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ മുപ്പതിലേറെ മടകളില്‍ പാറ പൊട്ടിച്ചപ്പോള്‍ നടത്തിയ വന്‍സ്ഫോടനങ്ങള്‍ പരിസ്ഥിതി ദുര്‍ബലമാക്കിയതാണ് ഏഴിടത്ത് ഒന്നിനു പുറകെ ഒന്നായി ഉരുള്‍പൊട്ടലിനു കാരണമായത്.
നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ അന്‍പതോളം പാറമടകൾ
കറുകച്ചാൽ: നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലായി പ്രവർത്തനരഹിതമായ വലുതും ചെറുതുമായി അന്‍പതോളം പാറമടകളാണുള്ളത്. നെടുംകുന്നം പഞ്ചായത്തിൽ ഊത്തപ്പാറ, നെടുംകുന്നം പള്ളിക്കു പിൻഭാഗം, മുളമല, ചേലക്കൊമ്പ്, പുലിയളയ്ക്കൽ, ആര്യാട്ടുകുഴി തുടങ്ങിയ പ്രദേശങ്ങളിലും കങ്ങഴ പഞ്ചായത്തിലെ റൂറൽകവല, പാണ്ടിയാംകുഴി, കങ്ങഴപ്പാറ, മൂലേപ്പീടിക, മുണ്ടത്താനം, ഇടവെട്ടാൽ, ആനിത്തോട്ടം, മുതിരപ്പാറ, ഇടയപ്പാറ, കോവുപുരയിടം തുടങ്ങിയ പ്രദേശങ്ങളിലുമാണ് പ്രധാനമായും പാറമടകൾ സ്ഥിതി ചെയ്യുന്നത്. ഇവയിലേറെയും പ്രവർത്തനരഹിതമാണ്. മിക്കവയ്ക്കും സംരക്ഷണ വേലികളോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ നിരവധി അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിൽ
പാറപൊട്ടിക്കലിനും മണ്ണ് ഖനനത്തിനും ചങ്ങനാശേരിയും സമീപ പഞ്ചായത്തുകളും ഒട്ടും പിന്നിലല്ല. അര ഡസനോളംപേര്‍ മുങ്ങിമരിച്ച കുളങ്ങളും ഈ മേഖലകളിലുണ്ട്. പാറക്കുളങ്ങള്‍ റോഡുകള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പല കുളങ്ങള്‍ക്കും സംരക്ഷണ ഭിത്തിയോ വേലിക്കെട്ടുകളോപോലുമില്ലാത്തത് ആളുകളുടെ ജീവനു ഭീഷണിയാണ്.
മാടപ്പള്ളിയിൽ
മാടപ്പള്ളി പഞ്ചായത്തിലെ മോസ്കോ വെങ്കോട്ട റോഡില്‍ പൊയ്ന്താനം കുന്നിറങ്ങുന്ന ഭാഗത്തുള്ള പാറക്കുളം ഭീഷണിയാണ്. റോഡിന്റെ വശത്തുള്ള സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം നേരത്തെ കുളത്തിലേക്ക് ഇടിഞ്ഞുവീണിരുന്നു. ബാക്കിയുള്ള ഭാഗം ഏതുസമയവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ബസുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ഈ പാറക്കുളത്തിന് മുന്നൂറുമീറ്റര്‍ അകലെ മറ്റൊരു പാറക്കുളം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് സ്ത്രീകളെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
തൃക്കൊടിത്താനത്ത്
തൃക്കൊടിത്താനം പഞ്ചായത്ത് ഒമ്പതാംവാര്ഡിലുള്ള ചൊമ്പുംപുറം കുളം പാറപൊട്ടിച്ചശേഷം തുറസായി കിടക്കുന്നതിനാല്‍ ഏറെ ഭീഷണി സൃഷ്ടിക്കുന്ന നിലയിലാണ്. ഈ കുളത്തില്‍ അര ഡസനോളംപേര്‍ വീണുമരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരുമാസംമുമ്പ് ഈ കുളത്തില്‍ മാടപ്പള്ളി, പുതുപ്പള്ളി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം ഉണ്ടായി. ഈ കുളത്തിനുചുറ്റും ലഹരിമാഫിയാ സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്.
കുറിച്ചിയിൽ
കുറിച്ചി പഞ്ചായത്തിലെ പൊന്‍പുഴ പൊക്കത്തിലുള്ള കുളവും അപകടഭീഷണിയിലാണ്. ഈ കുളത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടോ നിയന്ത്രണംവിട്ടുമറിഞ്ഞ് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഇത്തിത്താനം ചാലച്ചിറയ്ക്കുസമീപം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് കുളങ്ങള്‍ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.