ജയ്സണ് ജോയ്
ആലപ്പുഴ: ജലത്തിലും കരയിലും ഒരേപോലെ സർവീസ് നടത്താവുന്ന ഇന്ത്യയിലെ ആദ്യ വാട്ടർബസിനു സാധ്യത തേടി ജലഗതാഗത വകുപ്പ്. ചെലവ് കുറഞ്ഞ രീതിയിൽ സർവീസ് നടത്താവുന്ന വിധത്തിൽ ബസ് സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. വാട്ടർ ബസ് സർവീസ് നടത്തുന്നതിനാവശ്യമായ എല്ലാ ശാസ്ത്രീയ പഠനങ്ങളും പൂർത്തിയായതായി ജലഗതാഗത വകുപ്പ് ആലപ്പുഴ ജില്ലാ ഡയറക്ടർ ഷാജി വി. നായർ രാഷ്്ട്രദീപികയോടു പറഞ്ഞു.
കുസാറ്റ് യൂണിവേഴ്സിറ്റിക്കാണ് പദ്ധതി നിർവഹണ ചുമതല. ബസ് ഇറക്കുമതി ചെയ്യുന്നത് ചെലവ് വർധിപ്പിക്കുന്നതിനാൽ വോൾവോയുടെ അത്യാധുനിക ബസിൽ രൂപ മാറ്റം വരുത്തി കരയിലും വെള്ളത്തിലും ഒരേ പോലെ സർവീസ് നടത്തുവാൻ കഴിയുന്ന വിധത്തിലാക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ പെരുന്പളം- പാണാവള്ളി റൂട്ടിൽ കൂടി വൈക്കം, ചേർത്തല എന്നിവിങ്ങളിൽ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റിടങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വർധിപ്പിക്കും. കുസാറ്റ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. സുധീർ തയാറാക്കിയ വിശദമായ പഠന റിപ്പോർട്ട് ഈയാഴ്ച തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കും.
കരയിലും വെള്ളത്തിലും ഒരേ പോലെ സർവീസ് നടത്തുന്ന ബസ്ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും മറ്റും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയും തേടിയിട്ടുണ്ട്. ഡ്രൈവർക്ക് ഒറ്റയ്ക്ക് പ്രവർത്തിപ്പിക്കാവുന്ന വിധത്തിലാണ് പ്രവർത്തികൾ. എസി, ടിവി, മൊബൈൽ ചാർജിംഗ്സംവിധാനം തുടങ്ങിയവയും വാട്ടർ ബസിൽ ഉൾപ്പെടുത്തും. പദ്ധതി നടപ്പിലായാൽ ജലഗതാഗത രംഗത്തും ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടമാകും ഉണ്ടാവുക.