തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിനെതിരേ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് എം.വിൻസന്റ് എംഎൽഎ അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണ് കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആരാച്ചാർക്കുള്ള ദയപോലും ജനങ്ങളോട് സർക്കാരിനില്ലെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.ജല ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ബ്ലീച്ചിംഗ് പൗഡർ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടർ അഥോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിക്ക് മാത്രം 1263 കോടി രൂപ ജലവിഭവ വകുപ്പ് നൽകാനുണ്ട്.
4912.42 കോടി രൂപ വാട്ടർ അഥോാറിറ്റിക്ക് സഞ്ചിത നഷ്ടമുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. വെള്ളം കുറച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട സമയമായി.
വെള്ളക്കരം വർധിപ്പിച്ച സർക്കാർ നടപടിയെ കരുതലായി കണ്ട് പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി മറുപടി നൽകി. എന്നാൽ പ്രതിപക്ഷം അംഗീകരിക്കാൻ തയാറായില്ല. വെള്ളക്കര വർധനവ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.