കോട്ടയം: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്, ടോം കോര ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്ക്വയറില്‍ നിന്നും പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുമ്പിലെത്തിയത്.
തുടര്‍ന്ന് പോലീസിനു നേരേ പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മൃതദേഹത്തിനും ശവപ്പെട്ടിക്കും മാത്രമേ ഇനി നികുതി ചുമത്താനുള്ളൂവെന്നും യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിച്ചതായും തിരുവഞ്ചൂർ പരിഹസിച്ചു.
ഇന്ത്യന്‍ പട്ടാളത്തിന്റെ സുരക്ഷയില്‍ നടന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനിടയില്‍ നുഴഞ്ഞുകയറി പ്രതിഷേധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കെപിസിസി സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്, നേതാക്കളായ ജോബിന് സെബാസ്റ്റ്യന്‍, പി. കെ.വൈശാഖ്, ടോം കോര, രാഹുല്‍ മറിയപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പോലീസിനു നേരേ വാട്ടര്‍ ബലൂണ്‍
കോട്ടയം: ജലപീരങ്കി പ്രയോഗിച്ച പോലീസിനു നേരേ വാട്ടര്‍ ബലൂണ്‍ എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇന്നലെ കോട്ടയം കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞത്.
പ്രതിഷേധ പ്രകടനം കളക്ടറേറ്റ് കവാടത്തിലെത്തിയപ്പോള്ത്തന്നെ പ്രവര്‍ത്തകര്‍ കൈയിലുണ്ടായിരുന്ന വാട്ടര്‍ ബലൂണ്‍ പോലീസിനു നേരേ എറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം സമാപിച്ചു കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.
ഇതിനിടയില്‍ പ്രവര്‍ത്തകര്‍ എത്തിച്ച വാട്ടര്‍ ബലൂണുകള്‍ കൂട്ടമായി പോലീസിനു നേരേ എറിഞ്ഞു പ്രതിഷേധിച്ചു. ഇതോടെ പോലീസ് ജലപീരങ്കിയുടെ ശക്തി കൂട്ടുകയും ചെയ്തു.വാട്ടര്‍ ബലൂണിനൊപ്പം കല്ലും കമ്പും കൊടിയും ചെരുപ്പും എറിയുന്നുണ്ടായിരുന്നു.