പൊന്‍കുന്നം: രണ്ടുവര്‍ഷമായി വീട്ടിലെ പൈപ്പ് ലൈനില്‍ വെള്ളമെത്തുന്നില്ലെങ്കിലും ഡോ.എന്‍. ജയരാജ് എംഎല്‍എയ്ക്ക് വാട്ടര്‍ അഥോറിറ്റി നല്‍കിയത് 21562 രൂപയുടെ ബില്ല്. അഥോറിട്ടിയുടെ നെടുംകുന്നം ഓഫീസില്‍ നിന്നാണ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടില്‍ ഡോ.എന്‍. ജയരാജ് എംഎല്‍എയ്ക്ക് നല്‍കാത്ത വെള്ളത്തിന് ഇത്രയും തുകയുടെ ബില്ല് നല്‍കിയത്. കണക്ഷന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ബില്ലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 16നകം തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.
പൊന്‍കുന്നം റോയല്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്ത് അഥോറിറ്റിയുടെ ജലവിതരണക്കുഴല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് നിവേദനം കൊടുക്കാനെത്തിയപ്പോഴാണ് തന്റെ പരാധീനത എംഎല്‍എ വെളിപ്പെടുത്തിയത്. തുക അടയ്ക്കണമോ വേണ്ടയോ എന്ന് എംഎല്‍എയ്ക്ക് ജല അഥോറിറ്റി അധികാരികള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല ഇതുവരെ.
കാറ്റടിച്ചാലും മീറ്റര്‍ കറങ്ങാനുള്ള സാധ്യത അവര്‍ സൂചിപ്പിച്ചു. പൈപ്പിലൂടെ എയര്‍ പ്രഷര്‍ വരുമ്പോള്‍ മീറ്റര്‍ കറങ്ങാനും വെള്ളമുപയോഗിച്ചതായി രേഖപ്പെടുത്താനുമുള്ള സാധ്യതയുണ്ടെന്നാണ് വിശദീകരണം.റോയല്‍ ബൈപാസ് അസോസിയേഷന്റെ മേഖലയിലെ പൈപ്പുലൈന്‍ സ്ഥാപിക്കലിന് നടപടിക്രമങ്ങളായിട്ടുണ്ടെന്നും ടെന്‍ഡര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണികള്‍ ആരംഭിക്കുമെന്നും ഡോ.എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.