തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ നിർദേശിക്കുന്ന ജോലികൾ സത്യസന്ധമായി ചെയ്യാൻ ബാധ്യസ്ഥരെന്നു മനുഷ്യാവകാശ കമ്മീഷൻ. ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഉള്ളപ്പോൾ ഓഫീസ് സൂപ്രണ്ട് അനാവശ്യ പരാമർശങ്ങളിലൂടെ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കരുതെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
തൃശൂർ കോർപറേഷനിലെ വാട്ടർ സെക്ഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ തങ്ങളോട് ഓഫീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നെന്ന് ആരോപിച്ചു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൃശൂർ കോർപറേഷൻ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃത്യമായി ജോലിചെയ്യണമെന്ന മേലധികാരികളുടെ നിർദേശം അനുസരിക്കാൻ കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
പരാതിക്കാർക്ക് ജോലിചെയ്യാൻ ഓഫീസ് അന്തരീക്ഷം നന്നായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വൻതോതിലുള്ള വെള്ളക്കരം കുടിശിക നഗരസഭക്കുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കുടിവെള്ളം മനുഷ്യാവകാശങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നതിനാൽ വാട്ടർ സെക്ഷൻ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ മനുഷ്യാവകാശമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ക്ലാർക്കുമാരുടെയും ഓവർസീയർമാരുടെയും ജോലി മീറ്റർ റീഡർമാരെ കൊണ്ട് ചെയ്യിപ്പിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. കോർപറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.