കോട്ടയം: ഒരു കുടിവെള്ള പദ്ധതിയുടെ പേരില് കോട്ടയം നഗരത്തിലെ ഈരയില്കടവ്-മുട്ടന്പലം റോഡ് നിവാസികളുടെ ജീവിതം ദുസഹമായിട്ട് മാസങ്ങളായി.
കളക്ടറേറ്റിനു മുന്വശമുള്ള പാര്ക്ക് ലൈന് റോഡ് തുടങ്ങുന്നിടത്തുനിന്നും ഈരയില്ക്കടവ് വരെയുള്ള സ്ഥലങ്ങളില് താമസിക്കുന്നവരാണു കുടിവെള്ള പദ്ധതിയുടെ പേരില് ബുദ്ധിമുട്ടുന്നത്.
പൈപ്പുകള് സ്ഥാപിക്കാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. ഇരുചക്ര വാഹനയാത്ര പോയിട്ട് കാല്നടയാത്ര പോലും റോഡില് ബുദ്ധിമുട്ടാണ്. ഇപ്പോള് ഈരയില്കടവ് ഭാഗത്ത് റോഡിന്റെ നടുഭാഗം വലിയ പൈപ്പുകള് സ്ഥാപിക്കാനായി കുഴിച്ചിരിക്കുകയാണ്.
മഴ മാറിയതോടെ ഇന്നലെ മുതല് പൈപ്പുകള് ഇടാനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്. ഉടന് പൈപ്പിട്ട് കുഴി മൂടണേ അതു വരെ മഴയൊന്നും ഉണ്ടാകരുതേ എന്ന പ്രാര്ഥനയിലാണ് പ്രദേശവാസികള്.
മഴ പെയ്താല് റോഡ് കുഴമ്പു പരുവത്തിലാണ്. ഇരു ചക്രവാഹനം പോയിട്ട് കാല്നട യാത്ര പോലും ദുസഹമാണ്. ബൈക്കുയാത്രക്കാര് തെന്നി വീഴും, കാല് നടയാത്രക്കാര്ക്കു ചെളിയഭിഷേകവും.
പേരൂരിലെ ശുദ്ധികരണ പ്ലാന്റില്നിന്നും കളക്ടറേറ്റ് കോന്പൗണ്ടില് എത്തിക്കുന്ന കുടിവെള്ളം പാര്ക്ക് ലൈന് റോഡില് കൂടി മുട്ടന്പലം ഈരയില്കടവ് റോഡില് എത്തി കൊടുരാറിനെ മറി കടന്നു നാട്ടകത്തു എത്തിക്കുന്നതാണു കുടിവെള്ള പദ്ധതി.
വളരെയധികം ആളുകള് തിങ്ങി പാര്ക്കുന്ന ഈ പ്രദേശത്തുകൂടിയുള്ള വീതികുറഞ്ഞ റോഡുകളില്കൂടി രണ്ടടി വ്യാസമുള്ള ഡക്റ്ററല് അയണ് പൈപ്പുകള് സ്ഥാപിക്കുന്ന ജോലികളാണ് ഇന്നലെ വീണ്ടും പുനരാരംഭിച്ചത്.
നിലവില് ഈ റോഡുകളിലുള്ള കേബിളുകള്ക്കും പൈപ്പുലെനുകള്ക്കും തകരാര് ഉണ്ടാകാതെ പുതിയ പൈപ്പുകള് സ്ഥാപിക്കുന്നത് വളരെ പ്രയാസകരമാണ്. ഏതാനും മാസങ്ങളായി ഈ ജോലികള് നടക്കുന്നതിനിടയിലാണു മഴയെത്തിയത്.
ഇതോടെ യാത്ര ദുരിതപൂര്ണമായി. ഒരു ബസ് സര്വീസ് പോലും ഇല്ലാത്ത ഈ റോഡുകളില് കൂടി നടന്നാണു സ്കൂള് കുട്ടികളും വാഹനങ്ങള് ഇല്ലാത്തവരും പോകുന്നത്.
പൈപ്പ് പണി പുനരാരംഭിച്ചതോടെ ഇപ്പോള് കാല്നടയാത്രയും ദുരിതമായി. പൈപ്പ് ലൈന് ഇടുന്ന ജോലികള് നടക്കുന്പോള് വഴിയടച്ച് ഗതാഗതം മാറ്റിവിടാനും അധികൃതര് തയാറായിട്ടില്ല.
ഇതുമൂലം നിരവധി വാഹനങ്ങളാണ് ഇതു വഴിയെത്തി തിരികെ പോകുന്നത്. നിര്മാണ പ്രവര്ത്തനങ്ങള് നടക്കുന്പോള് മുന്നറിയിപ്പ് നല്കണമെന്നും ഗതാഗതം തിരിച്ചുവിടാന് ക്രമീകരണം ഉണ്ടാക്കണമെന്നും എത്രയും പെട്ടന്ന് പണികള് പൂര്ത്തീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.