പത്തനംതിട്ട: ജില്ലയിലെ നദികളില്‍ വിദ്യാർഥികള്‍ മുങ്ങിമരിക്കുന്നത് തുടര്സംഭവങ്ങളാകുകയാണ്. മൂന്നു മാസത്തിനിടയ്ക്ക് ഏഴു കുട്ടിള്ക്കാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജീവന് നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടയ്ക്ക് 12 കുട്ടികളാണ് മുങ്ങി മരിച്ചത്. നീന്തല്‍ വശമില്ലാത്ത കുട്ടികള്‍ കൂട്ടുചേര്‍ന്ന് നദികളിലിറങ്ങുകയും മണല്‍വാരിയുണ്ടായ കുഴികളില്‍ വീഴുകയുമാണ് പതിവ്.
വേനല്‍ക്കാലവും അവധിയും എത്തുന്നതോടുകൂടി ഈ വിഷയത്തില്‍ ജാഗ്രതയുണ്ടാകാത്ത പക്ഷം കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. നദിയുടെ സ്ഥിതിയെ സംബന്ധിച്ച് മുൻ ധാരണയില്ലാത്തവരാണ് അപകടങ്ങളിൽപെടുന്നവരേറെയും. വെള്ളം കുറവാണെന്ന കണക്കുകൂട്ടലിൽ ഇറങ്ങുന്നവർ ചെന്നുവീഴുന്നത് മണൽച്ചുഴികളിലേക്കാണ്. ചെളിയിൽ കാൽ പുതഞ്ഞാൽ പുറത്തെടുക്കാനാകാതെ മുങ്ങിത്താഴുകയായിരിക്കും.
നദിയുടെ സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണം നടത്തണമെന്നും ആവശ്യമായ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.നദികളില്‍ കുട്ടികള്‍ മുങ്ങിമരിക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ദിശയുടെ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കത്തുകള്‍ നല്കി.
പ്രസിഡന്റ് എം.ബി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്‍ രമേശ് ഗോപന്, ഷിബു എം. സാംസണ്, എ. സിബി, എം.ആർ. ലത എന്നിവര്‍ പ്രസംഗിച്ചു. ദിശയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ജാഗ്രത എന്ന പേരില്‍ ബോധവത്കരണം നടത്താനും തീരുമാനിച്ചു.