മങ്കൊന്പ്: ഉത്സവ പരിപാടി കണ്ടു മടങ്ങുന്നതിനിടെ ഫൈബർ വള്ളം മറിഞ്ഞ് തമിഴ്നാട് സ്വദേശിയെ കാണാതായി. സേലം സ്വദേശി സുരേഷ് കണ്ണ(21) നെയാണ് കാണാതായത്. ഇന്നു പുലർച്ചെ രണ്ടോടെ ചന്പക്കുളം വൈശ്യംഭാഗം നിർമാണത്തിലിരിക്കുന്ന വൈശ്യംഭാഗം പാലത്തിനു സമീപത്തെ പൂക്കൈതയാറ്റിലായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി നെടുമുടി പോലീസ് പറയുന്നതിങ്ങനെ: വൈശ്യംഭാഗത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ് സുരേഷ്. ഇന്നലെ രാത്രി മലയാളികളായ രണ്ടു സഹപ്രവർത്തകർക്കൊപ്പം ഇയാൾ ആറിനു മറുകരയിലുള്ള ക്ഷേത്രത്തിൽ ഉൽസവപരിപാടിക്കു പോയിരുന്നു. പരിപാടികൾക്കു ശേഷം പുലർച്ചെ ഫൈബർ വള്ളത്തിൽ മടങ്ങുന്നതിനിടെ ആറിനു നടുക്കെത്തിയപ്പോൾ വള്ളം മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ആറിനു ഇരുകരകളിലേക്കുമായി നീന്തി രക്ഷപ്പെട്ടു. എന്നാൽ നീന്തലറിയാമായിരുന്നിട്ടും സുരേഷ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. തുടർന്ന് മൂന്നരയോടെ നെടുമുടി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നു രാവിലെ എസ്ഐ യു. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പോലീസും, ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് തെരച്ചിൽ തുടരുകയാണ്.