പ്രത്യേക ലേഖകൻ
കുടിവെള്ളക്ഷാമം മൂലം ഗവണ്മെന്റ് മെഡിക്കൽ കോളജ് അടക്കം വൻകിട ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ചില ആശുപത്രികളുടെ ചില വിഭാഗങ്ങൾ ഭാഗികമായി അടച്ചു. തൃശൂർ ജില്ലയിലെ മൂന്നു വൻകിട മെഡിക്കൽ കോളജ് ആശുപത്രികൾക്ക് ഓരോന്നിനും ദിവസേന 20 മുതൽ 26 വരെ ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. കുടിക്കാനുള്ള വെള്ളവും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും വെവ്വേറെയാണ് ആശുപത്രികൾ എത്തിക്കുന്നത്.
രണ്ടിനം വെള്ളവും വേണ്ടത്ര ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ എല്ലാ ആശുപത്രികളും. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ദിവസേന 22 ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമുള്ളത്. പകുതിയോളം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പീച്ചിയിൽനിന്ന് വെറും മൂന്നു ലക്ഷം ലിറ്റർ വെള്ളം മാത്രമേ കിട്ടുന്നുള്ളൂ. മെഡിക്കൽ കോളജ് കാന്പസിലെ രണ്ടു കുളങ്ങളിൽനിന്നും മറ്റുമായി വെള്ളം പന്പു ചെയ്യുന്നുണ്ട്.
വളരെ ചുരുങ്ങിയ സമയം മാത്രമേ മെഡിക്കൽ കോളജിലെ ശുചിമുറികളിൽ വെള്ളം ലഭിക്കുന്നുള്ളൂവെന്ന് മൂന്നാഴ്ചയായി രോഗികൾ പരാതിപ്പെടുന്നു. പല വൻകിട സ്വകാര്യ ആശുപത്രികളിലും വെള്ളമില്ലാത്തതുമൂലം ചില വാർഡുകൾ അടച്ചുപൂട്ടി. കൂടുതൽ വെള്ളം ആവശ്യമുള്ള ഡയാലിസിസ് പോലുള്ള ഡിപ്പാർട്ടുമെന്റുകൾ ഏതു നിമിഷവും അടച്ചുപൂട്ടുമെന്ന അവസ്ഥയിലാണ്. ആശുപത്രികൾക്കു വെള്ളം ലഭിക്കുന്ന ജലസ്രോതസുകൾ വറ്റിവരണ്ട അവസ്ഥയായതോടെയാണ് ഈ പ്രതിസന്ധി സംജാതമായത്.
രോഗികൾക്ക് ആവശ്യമുള്ള ഭീമമായ തോതിലുള്ള വെള്ളം ലഭ്യമാക്കാൻ സ്വകാര്യ ഏജൻസികൾക്കു സാധിക്കാത്ത അവസ്ഥയാണ്. നൂറു കണക്കിനു ടാങ്കർ ലോറി വെള്ളം എത്തിക്കാനുള്ള സംവിധാനം വെള്ളം വിതരണക്കാർക്ക് ഇല്ല. ഇത്രയേറെ കുടിവെള്ളം ലഭ്യമാകുന്ന സ്രോതസും ഇല്ല. ഇപ്പോൾ ദിവസേന ഒന്നര ലക്ഷത്തിലേറെ രൂപ മുടക്കിയാണ് വെള്ളം എത്തിക്കുന്നതെന്ന് പ്രമുഖ ആശുപത്രിയുടെ മേധാവി അറിയിച്ചു. കടുത്ത വേനൽ നീണ്ടുപോയാൽ മിക്ക ആശുപത്രികളുടേയും പല വിഭാഗങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ആശുപത്രി മേധാവികൾ ചൂണ്ടിക്കാണിക്കുന്നത്.