തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം. രാവിലെ ഇവിടെ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് മനസിലായത്.
പ്രതിഷേധവുമായി ബൈക്ക് യാത്രക്കാര്‍ എത്തിയതോടെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പമ്പ് അധികൃതരുടെ നീക്കം. പരാതിയുമായി എത്തിയ നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പണം നല്കി ഇവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ മടക്കി അയച്ചു. ന്നാല് ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് എത്തിയതോടെ സംഭവം കൈവിട്ടുപോയി. ഓട്ടോഡ്രൈവര്‍മാര്‍ കുപ്പികളില്‍ പെട്രോള്‍ വാങ്ങി പരിശോധിച്ചപ്പോള്‍ പച്ചവെള്ളം തന്നെയാണ് ലഭിച്ചത്.
ഇതോടെ കബളിപ്പിക്കപ്പെട്ട കൂടുതല്‍ ആളുകളെത്തുകയും പമ്പ് ജീവനക്കാരുമായി വാക്കേറ്റവുമായി. ഇതിനിടെ നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ പ്രശ്ന പരിഹാരത്തിന് എന്തുവേണണെങ്കിലും ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ സംഭവം പോലീസിനെ അറിയിക്കുകയും പമ്പ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.