കൊച്ചി: പൊതു, സ്വകാര്യ സ്രോതസുകളിൽനിന്നു കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള മുന്നറിയിപ്പ് നൽകി. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പോലീസോ തടയരുതെന്ന് ജില്ലാ കളക്ടർ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കി.
ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് 1077 എന്ന ടോൾ ഫ്രീ നന്പറും കളക്ടറേറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശുദ്ധജലം പൊതുസന്പത്താണെന്നും എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും കളക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടിവെള്ളനീക്കം തടയുന്നത് അനുവദിക്കില്ല. അതേസമയം നിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ കർശന നടപടി സ്വീകരിക്കും. ഇത്തരം പരാതികളിൽ സാന്പിൾ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ ജില്ലാ ഹെൽത്ത് ഓഫീസറെയും ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണറെയും കളക്ടർ ചുമതലപ്പെടുത്തി.
കിണറുകളിൽനിന്ന് ജലമൂറ്റുന്നത് സംബന്ധിച്ച പരാതികളിൽ പരിസരത്തെ ജലവിതാനത്തെ ബാധിക്കാതെ എത്ര ലിറ്റർ വെള്ളം എടുക്കാനാകും എന്നതു സംബന്ധിച്ച് പരിശോധന നടത്തി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ റിപ്പോർട്ട് നൽകും. ടാങ്കറുകളിൽ മലിനജലം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മേഖല ട്രാൻസ്പോർട്ട് ഓഫീസർമാർക്കാണ്.
കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളും ലോറികളും പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡും ഇതേ ഉത്തരവ് പ്രകാരം രൂപീകരിച്ചു. ജില്ലാ ഹെൽത്ത് ഓഫീസറാണ് സ്ക്വാഡിന്റെ നോഡൽ ഓഫീസർ. എറണാകുളം/മൂവാറ്റുപുഴ മേഖല ട്രാൻസ്പോർട്ട് ഓഫീസറുടെ പ്രതിനിധി, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, റവന്യൂ വകുപ്പിലെ ഡപ്യൂട്ടി തഹസിൽദാർ/ജൂണിയർ സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
1077 എന്ന ടോൾഫ്രീ നന്പറിൽ ലഭിക്കുന്ന പരാതികളിൽ അതത് ദിവസം തന്നെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.പോലീസ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, കൊച്ചി കോർപറേഷൻ, ഫോർട്ടുകൊച്ചി സബ് കളക്ടർ, മൂവാറ്റുപുഴ ആർഡിഒ, ഭൂജല വകുപ്പ്, തഹസിൽദാർമാർ, ആരോഗ്യവകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർക്ക് ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കിയതായും കളക്ടർ അറിയിച്ചു.